Kottayam/Erattupetta
അരുവിത്തുറ: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ, വോളിബോൾ, ഹാൻഡ്‌ബോൾ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു. ക്യാമ്പിൽ വലിയ ആവേശത്തോടെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
അധ്യാപകരായ ശ്രീ. ജോബി ജോസഫ്, ശ്രീ. ജയ്സൺ ജേക്കബ് എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നു. ക്യാമ്പിന് അധ്യാപകനായ ശ്രീ. ജിമ്മി മാത്യു എല്ലാ ആശംസകളും നേർന്നു.
5 മുതൽ 9 വരെ ക്ലാസുകളിലേക്ക് പഠിക്കുന്ന കുട്ടികൾക്കും, നാലാം ക്ലാസിൽ നിന്ന് അഞ്ചാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
കായികരംഗത്ത് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശീലന ക്യാമ്പുകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഹെഡ്മാസ്റ്റർ വ്യക്തമാക്കി. ഇത്തരം പരിശീലനങ്ങൾ വഴി വിദ്യാർത്ഥികൾക്ക് ശാരീരിക ആരോഗ്യം മെച്ചപ്പെടുക, മാനസിക ഏകാഗ്രത വർധിക്കുക, കായികരംഗത്ത് ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ അവസരങ്ങൾ ലഭിക്കുക തുടങ്ങിയ നിരവധി ഗുണങ്ങൾ ലഭിക്കും.
കൂടാതെ, ഈരാറ്റുപേട്ട ഉപജില്ലയിൽ ഗെയിംസ് ഇനങ്ങളിൽ അരുവിത്തുറ സെന്റ് ജോർജ് സ്കൂൾ ചാമ്പ്യന്മാരായത് സ്കൂളിന്റെ കായികമികവ് തെളിയിക്കുന്നതാണ്. ഇത്തരം പരിശീലനങ്ങളിലൂടെ ഭാവിയിലും കൂടുതൽ കായികതാരങ്ങളെ വളർത്തെടുക്കാൻ സാധിക്കുമെന്ന് ഹെഡ്മാസ്റ്റർ വ്യക്തമാക്കി
