778.17 കോടി രൂപയുടെ പദ്ധതി മൂന്ന് ഘട്ടങ്ങളായി നടപ്പാക്കാനാണ് ഉന്നതാധികാര സമിതിയുടെ നിർദേശം.
ക്ഷേത്രം മാത്രം, ബാക്കി പൊളിച്ചുനീക്കും
പടി കയറി വരുന്ന ഭക്തർക്ക് ക്ഷേത്രം മാത്രമുള്ള ഒരു കാഴ്ചാനുഭവമാണ് പുതിയ മാസ്റ്റർപ്ലാനിന്റെ പ്രധാന ലക്ഷ്യം. ഇതിനായി, ഇപ്പോൾ ഭക്തരെ കയറ്റിവിടുന്ന ഫ്ലൈഓവർ പൂർണമായും പൊളിച്ചുനീക്കും. ക്ഷേത്രത്തിൽ നിന്ന് 21 ദണ്ഡ് (56.7 മീറ്റർ) ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്ന് രൂപരേഖയിൽ പറയുന്നു.
മാറ്റങ്ങൾ ഇങ്ങനെ:
ബലിക്കൽപ്പുര വഴി ദർശനം: ദേവസ്വം ബോർഡ് നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ബലിക്കൽപ്പുര വഴിയുള്ള ദർശനരീതി ശാസ്ത്രീയമായി നടപ്പാക്കും.
തന്ത്രി, മേൽശാന്തിമാർക്ക് പുതിയ സൗകര്യം:
തന്ത്രി, മേൽശാന്തി എന്നിവർക്ക് ക്ഷേത്രപരിധിക്കുള്ളിൽത്തന്നെ വിശ്രമമുറികൾ ഒരുക്കും. എന്നാൽ, ഈ മുറികളിൽ ശൗചാലയങ്ങൾ ഉണ്ടാകില്ല.
നടപ്പന്തൽ പുനർരൂപകൽപന ചെയ്യും:
സന്നിധാനത്തെ നടപ്പന്തൽ പൂർണമായും പുതിയ രീതിയിൽ പുനർരൂപകൽപന ചെയ്യും. ഇതിനോട് ചേർന്നുള്ള 'പ്രണവം' കെട്ടിടം പൂർണമായും പൊളിച്ചുനീക്കും.
കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വിട:
നിലവിൽ ക്ഷേത്രപരിധിയിലുള്ള തന്ത്രി, മേൽശാന്തി മുറികൾ, എക്സിക്യൂട്ടീവ് ഓഫീസ്, ദേവസ്വം ഗാർഡ് മുറികൾ
എന്നിവയെല്ലാം പൊളിച്ചുമാറ്റും.
തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ വിദഗ്ധരാണ് ഈ രൂപരേഖ തയ്യാറാക്കിയത്. കാനനക്ഷേത്രമെന്ന പദവി തിരികെ കൊണ്ടുവരിക, ആധുനിക നിർമ്മിതികൾ കാരണം ക്ഷേത്രത്തിന്റെ തനിമ നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് എന്നിവയാണ് ഈ നീക്കത്തിന് പിന്നിൽ. പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ സന്നിധാനത്തിന്റെ വിശദമായ രൂപരേഖ അവതരിപ്പിച്ചിരുന്നു.