ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരളാ കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു*
കോട്ടയം: കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിനിൽവെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
ഇന്ന് പുലർച്ചെ 03:30-ന് തെങ്കാശിയിൽ എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ നയിമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.
കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്.
കോട്ടയം പെരുമ്പയിക്കോട് സ്വദേശിയാണ്.
കോട്ടയംബാറിലെ അഭിഭാഷകനാണ്.
പാർട്ടിയിലും പൊതുപ്രവർത്തന രംഗത്തും സജീവമായി ഇടപ്പെടുന്ന പ്രിൻസ് ഏവർക്കും പ്രിയങ്കരനായ നേതാവായിരുന്നു.
സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്ന് കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
പ്രിൻസ് ലൂക്കോസിൻ്റെ ആകസ്മിക വേർപാടിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അതീവ ദുഃഖം രേഖപ്പെടുത്തി.
പാർട്ടി നേതാക്കളായ അഡ്വ. പി.സി. തോമസ്, ഫ്രാൻസീസ് ജോർജ് എം.പി, മോൻസ് ജോസഫ് എം എൽ എ , ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് തുടങ്ങിയവർ അനുശോചിച്ചു.
