ആത്മീയതയുടെ ആഴവും സാമൂഹിക പരിഷ്കാരവും ആഗോളഐക്യവും ഒരുമിക്കുന്ന ദൈവദശകം ഗ്രന്ഥത്തെ സ്വാഗതം ചെയ്യുകയാണെന്നും അക്കാഡമിക് പാരമ്പര്യത്തോടും സാംസ്കാരിക സമൂഹത്തോടും ഏറെ പ്രാധാന്യവും ബന്ധപ്പെടുന്ന മൂല്യങ്ങളുമാണ് ദൈവദശകമെന്നും ഓക്സ്ഫോർഡ് മേയർ ലൂയിസ് ആപ്ടൺ പറഞ്ഞു. ഇന്ത്യയിൽ നിന്നുളള മഹത്തായ ദൈവികപുരുഷനായ ശ്രീനാരായണഗുരുദേവൻ തന്റെ ജീവിതം ജാതിമതദേശ സീമകൾക്കപ്പുറത്ത് വിശ്വത്തെ മുഴുവൻ ഒന്നായി കണ്ടു. അതിന്റെ പ്രതിഫലനമാണ് ദൈവദശകം വിശ്വപ്രാർത്ഥന. കരുണയും ജ്ഞാനവും പ്രബുദ്ധതയും ഒന്നുചേർന്ന ഒരു ലോകത്തെ ഗുരുദേവൻ സ്വപ്നം കണ്ടിരുന്നു. ഈ മഹത്തായ ദർശനത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഗുരു ജീവിതം സമർപ്പണം ചെയ്തത്. ദൈവദശകം ഒരു പ്രാർത്ഥന മാത്രമല്ല ലോകത്ത് ശാന്തിയും സമാധാനവും സൗഖ്യവും പ്രദാനം ചെയ്യുന്നതിനുളള ആഹ്വാനമന്ത്രം
കൂടിയാണെന്നും ലൂയിസ് ആപ്ടൺ പറഞ്ഞു.
ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങിയ ലോകഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനികഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വമഹാഗുരുവാണ് ശ്രീനാരായണഗുരുദേവനെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 1855ൽ ജനിച്ച് 1928ൽ മഹാസമാധി പ്രാപിച്ച് 73 വർഷം ജീവിച്ച ശ്രീനാരായണഗുരുവിന്റെ മഹത്തായ ദർശനം ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി, ഒരൊറ്റലോകം ഒരൊറ്റജനത ഒരൊറ്റനീതി എന്നതാണ് എന്ന് ഗുരുവിന്റെ സ്വരൂപത്തെ സ്വാമി പരിചയപ്പെടുത്തി. ദൈവദശകത്തിന്റെ മഹിമവിശേഷം അഭിവന്ദ്യനായ പോപ്പ് തിരുമേനിപോലും പ്രഖ്യാപനം ചെയ്തിട്ടുളളതാണ്. ഗുരുനിത്യചൈതന്യയതി ഒരിക്കൽ പോപ്പിനെ സന്ദർശിച്ച വേളയിൽ ദൈവദശകം അദ്ദേഹത്തിന് സമർപ്പിക്കുകയും അദ്ദേഹം അത് വായിച്ചിട്ട് ഇത് ഒരു വേൾഡ് പ്രയറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദൈവദശകം104 ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടത് ഒരു ചരിത്ര സംഭവമാണെന്ന് സ്വാമി പറഞ്ഞു .അതിന് നേതൃത്വം നൽകിയ ഗിരീഷ് ഉണ്ണികൃഷ്ണനെ സ്വാമി അഭിനന്ദിച്ചു.
ശിവഗിരി ആശ്രമം യു.കെ പ്രസിഡന്റ് ബൈജു പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുദർശന രഹ്ന ദൈവദശകം ആലാപനം ചെയ്തു. ആശ്രമം സെക്രട്ടറി സജീഷ്ദാമോദരൻ, ലണ്ടൻ യൂണിവേഴ്സിറ്റി റിട്ട.പ്രൊഫസർ അലക്സ്ഗ്യാത്ത്, ഇമാം മാത്യൂസർ, ജൂലിയറ്റ്, ഗിരീഷ് ഉണ്ണികൃഷ്ണൻ, കുടുംബയൂണിറ്റ് കൺവീനർ ഗണേഷ് ശിവൻ, വനിതാ കോ- ഓർഡിനേറ്റർ കലാജയൻ, ട്രഷറർ അനിൽകുമാർരാഘവൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ശശിധരൻ, ജോയിന്റ് കൺവീനർ സതീഷ് കുട്ടപ്പൻ, ഐ.ടി കൺവീനർ മധുരവീന്ദ്രൻ തുടങ്ങിയവരും സേവനം, ഗുരുധർമ്മപ്രചരണസഭ, ശ്രീനാരായണമിഷൻ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും പങ്കെടുത്തു.