സി.കേശവനു തുല്യം സി.കേശവൻ മാത്രം!
ജനനം -11-5-1891
മരണം - 7-7-1969
.......................................................
ആദർശധീരൻ,നിർഭയൻ,കർമ്മ കുശലൻ, യുക്തിവാദി,പ്രാസംഗികൻ,തുടങ്ങിയ നിരവധി വിശേഷണങ്ങളുടെ ഉടമയും മഹനീയ മാതൃകയുമായ സി.കേശവൻ തിരുകൊച്ചി മുഖ്യമന്ത്രിയും എസ്.എൻ ഡിപി യോഗചരിത്രത്തിൽ നിത്യഭാസുരവും അവിസ്മരണീയവുമായ ചരിത്രമുഹൂർത്തങ്ങളുടെ നേരവകാശിയും,ചോര തിളപ്പിക്കുന്ന നിരവധി ധീര സമരങ്ങളുടെ അനിഷേധ്യ നായകനുമായിരുന്നു
കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരുസാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം,തിരുവനന്തപുരംഎന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു.
SNDP യോഗത്തിന്റെ പിൻതുണയോടെ 1931 ജൂലൈ 31 ന് രൂപീകരിക്കുപ്പെട്ട ഈഴവ രാഷ്ട്രീയ സഭ " എന്ന രാഷ്ട്രീയ പാർട്ടിയാണ് തിരുവിതാംകൂറിൽ ആവിർഭവിച്ച ആദ്യ രാഷ്ടീയ സംഘടന. സി.കേശവനായിരുന്ന പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി; പിന്നിട് ജനസംഖ്യാനുപാതിക പ്രാതിനിധ്യം, പ്രായപൂർത്തി വോട്ടവകാശം തുടങ്ങിയ രാഷ്ടീയാവശ്യങ്ങളുന്നയിച്ചു കൊണ്ട് 1932 ൽ ആരംഭിച്ച പൗരസമത്വ പ്രക്ഷോഭം നിവർത്തന പ്രക്ഷോഭം എന്നിവയുടെ നടുനായകത്വം അദ്ദേഹത്തിലായിരുന്നു.
1933 ജൂലൈ 31 ന് ചേർത്തലയിൽ വച്ചു രൂപീകരിക്കപ്പെട്ട "ഈഴവ യൂത്ത് ലീഗ് " (തിരുവിതാംകൂറിലെ ആദ്യ യുവജന സംഘടന) എന്ന യുവജന സംഘടനയുടെ ആദ്യ പ്രസിഡായി തിരഞ്ഞെടുക്കപ്പെട്ടത് സി.കേശവനെയായിരുന്നു.
1934 ആഗസ്റ്റ് 27 ന് അദ്ദേഹം SNDP യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1935 മെയ് 11 ലെ സുപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട അദ്ദേഹം 1937 സെപ്തംബർ 27 ന് ജയിൽ വിമോചിതനായി. 1938 ൽ രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ സ്റ്റേറ്റു കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം 1948 ൽ നിലവിൽ വന്ന സ്വതന്ത്ര തിരുവിതാംകൂറിലെ ആദ്യ മന്ത്രിസഭയിൽ അംഗമായി- തുടർന്ന് തിരുകൊച്ചി മന്ത്രിസഭയിലെത്തിയ അദ്ദേഹം തിരുകൊച്ചി മുഖ്യമന്ത്രിയായി (1951-52 ) അദ്ദേഹത്തിന്റെ "ജീവിതസമരം " എന്ന ആത്മകഥ ഒരു ചരിത്ര പുസ്തകം കൂടിയാണ് .ഗുരുദേവന്റെ വത്സല ശിഷ്യനായ സി.കേശവൻ തികഞ്ഞ യുക്തിവാദിയും, നടനും അനുഗ്രഹീതഗായകനും അതുല്യ വാക്മിയുമായിരുന്നു. യാതൊരു വിധ മത ചടങ്ങുകളുമില്ലാതെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ചത്.
"നീ മറഞ്ഞാലും തിരയടിക്കും
ധീര നേതാവേ....... ഹാ നിന്റെ നാമം!! "
ജീവിത രേഖ
1891 ജനനം
1913 പത്താംക്ലാസ് ജയിച്ചു
1916 ഇന്റർമീഡിയറ്റ്
1917 പാലക്കാട് ബാസൽ സ്കൂളിൽ ബോട്ടണി അധ്യാപകൻ
1920 വിവാഹം
1935 ക്രൈസ്തവ മഹാസമ്മേളനം കോഴഞ്ചേരിയിൽ; ജയിലിലടയ്ക്കപ്പെട്ടു.
1937 ജയിൽ മോചിതനായി
1938 സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണം
1948 മന്ത്രിസഭാംഗം
1951 തിരു-കൊച്ചി മുഖ്യമന്ത്രിയായി
1969 മരണം