*the news malayalam updates -* *പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു: വാഹനാപകടത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ; കർഷക-ഉപഭോക്തൃ പോരാട്ടങ്ങളുടെ അമരക്കാരന് വിട*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു: വാഹനാപകടത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ; കർഷക-ഉപഭോക്തൃ പോരാട്ടങ്ങളുടെ അമരക്കാരന് വിട*

 




*പാലാ:* കക്ഷിരാഷ്ട്രീയത്തിനതീതമായി പൗരാവകാശങ്ങൾക്കും കർഷക-ഉപഭോക്തൃ സംരക്ഷണത്തിനും വേണ്ടി പതിറ്റാണ്ടുകൾ പോരാടിയ പ്രമുഖ പൊതുപ്രവർത്തകൻ *ഡിജോ കാപ്പൻ (68)* അന്തരിച്ചു. പാലാ മാർ സ്ലീവാ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

2025 ഒക്ടോബർ 16-ന് തിരുവനന്തപുരത്തുണ്ടായ കാർ അപകടത്തെ തുടർന്ന് വെല്ലൂർ CMC-യിലും പിന്നീട് പാലായിലും ചികിത്സയിലായിരുന്നു.

*വിദ്യാർത്ഥി നേതാവിൽ നിന്ന് ജനകീയ പോരാളിയിലേക്ക്*  

മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം കാപ്പിൽ കുടുംബാംഗമായ ഡിജോ കാപ്പൻ കെ.എസ്.സി യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവർത്തനം തുടങ്ങി. സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ, കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി, KSC സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള, എം.ജി സർവകലാശാലകളിൽ സെനറ്റ്-അക്കാദമിക് കൗൺസിൽ അംഗമായിരുന്നു.

1998-ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഉപഭോക്തൃ-കർഷക അവകാശ പോരാട്ടങ്ങളിലേക്ക് തിരിഞ്ഞു. *സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ* മുഖ്യ ചുമതലക്കാരനായി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നൽകിയ രണ്ടു ഡസനിലധികം പൊതുതാല്പര്യ ഹർജികളിലൂടെ ജനോപകാര വിധികൾ നേടി.

*പോരാട്ടത്തിന്റെ മുഖം*  

KSRTC-യുടെയും KSEB-യുടെയും പ്രവർത്തനം ജനോപകാരപ്രദമാക്കാൻ നിരന്തരം പോരാടി. വൈദ്യുതി റഗുലേറ്ററി കമ്മീഷനു മുമ്പാകെ ഉപഭോക്താക്കൾക്കായി സ്ഥിരമായി ഹാജരായ വ്യക്തിയായിരുന്നു. *പൊതുഗതാഗത സംരക്ഷണ സമിതി പ്രസിഡന്റ്, ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ പ്രസിഡന്റ്, ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ഫോറം പ്രസിഡന്റ്* തുടങ്ങി നിരവധി സംഘടനകളെ നയിച്ചു.

ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന കാപ്പൻ, പി.ടി. തോമസ് ഉൾപ്പെടെയുള്ള നേതാക്കളുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച തന്ത്രജ്ഞൻ കൂടിയായിരുന്നു.

*കുടുംബം:*  

ഭാര്യ: ഡോ. മിനി കാപ്പൻ - കേരള യൂണിവേഴ്സിറ്റി പ്ലാനിംഗ് ഡയറക്ടർ.  

മക്കൾ: അശ്വിൻ ഡി കാപ്പൻ - അയർലൻഡ്, മരിയറ്റ ഡി കാപ്പൻ - ഗവേഷക, എഡ്വിൻ ഡി.കാപ്പൻ - യു.കെ.  

മാതാവ് മേരി ജോസഫ്, സഹോദരങ്ങൾ: സന്തോഷ്, ജെയിംസ്, ഗ്ലോറി, പുഷ്പ, ടെസി.

കേരളത്തിലെ പൊതുരംഗത്തെ നിസ്വാർത്ഥ പോരാളിക്ക് വിട.

*✍️the news malayalam*