*the news malayalam updates-* *പാർലമെൻ്റിൽ ചർച്ചയായ വനിത സംവരണ ഭേദഗതി ബില്ലിനെ പ്രതിപക്ഷം എതിർത്തത് സ്ത്രീകൾക്ക് കൂടുതൽ രാഷ്‌ട്രീയ അവസരങ്ങൾ ലഭിക്കുന്നത് തടയാനുള്ള നീക്കം - ഡോ: ജെ പ്രമീളാ ദേവി*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *പാർലമെൻ്റിൽ ചർച്ചയായ വനിത സംവരണ ഭേദഗതി ബില്ലിനെ പ്രതിപക്ഷം എതിർത്തത് സ്ത്രീകൾക്ക് കൂടുതൽ രാഷ്‌ട്രീയ അവസരങ്ങൾ ലഭിക്കുന്നത് തടയാനുള്ള നീക്കം - ഡോ: ജെ പ്രമീളാ ദേവി*

 

Kottayam/Ponkunnam 

പൊന്‍കുന്നം: പാര്‍ലമെന്റില്‍ ചര്‍ച്ചയായ വനിതാ സംവരണ ഭേദഗതി ബില്ലിനെ എതിര്‍ത്തത് സ്ത്രീകള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ അവസരങ്ങള്‍ ലഭിക്കുന്നത് തടയാനുള്ള നീക്കമാണെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം ഡോ. ജെ. പ്രമീളാദേവി ആരോപിച്ചു. 

ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അവര്‍ ഇത് വ്യക്തമാക്കിയത്.

വനിതാ സംവരണ ബില്ലിനെ കുറിച്ച് പ്രതിപക്ഷവും ചില വൃത്തങ്ങളും ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, ബില്ലിന്റെ ലക്ഷ്യവും പ്രാധാന്യവും പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതിനായിരുന്നു പത്രസമ്മേളനം സംഘടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

നിലവിലുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കാതെ തന്നെ സ്ത്രീകളുടെ പ്രാതിനിധ്യം 33 ശതമാനമായി ഉയര്‍ത്താനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാനങ്ങളിലെ സീറ്റുകള്‍ വര്‍ധിപ്പിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്നും, അതിലൂടെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ബാധിക്കപ്പെടില്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഭേദഗതിയെ പ്രതിപക്ഷം പിന്തുണച്ചിരുന്നെങ്കില്‍ യാതൊരു നഷ്ടവും സംഭവിക്കില്ലായിരുന്നുവെന്നും, വര്‍ധിപ്പിക്കുന്ന സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുന്നതിലൂടെ നിലവിലുള്ള സംവിധാനവും നിലനിന്നേനെയെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ബില്‍ പാസാകാതിരുന്നതോടെ സെന്‍സസ് അടിസ്ഥാനത്തിലുള്ള ഡിലിമിറ്റേഷന്‍ നടപടികള്‍ നടപ്പിലാകുകയും, അതനുസരിച്ച് സംസ്ഥാനങ്ങളുടെ ജനസംഖ്യപ്രകാരം പാര്‍ലമെന്റ് സീറ്റുകള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യും. ഇതിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളില്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണം കുറയാനിടയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വനിതാ സംവരണ ബില്‍ (നാരി ശക്തി വന്ദന്‍ അധീനിയം) നടപ്പിലായിരുന്നെങ്കില്‍ പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി ഉയര്‍ന്നേനെയെന്നും, വിവിധ മേഖലകളില്‍ കൂടുതല്‍ വനിതാ നേതാക്കള്‍ ഉയര്‍ന്നുവരുന്നതിനും ഇത് വഴിയൊരുക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതുപോലെ, നയനിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് പങ്ക് നല്‍കുന്നത് അവകാശമാണെന്നും ഉപകാരം അല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞതുപോലെ, ഡിലിമിറ്റേഷന്‍ ഒരു സംസ്ഥാനത്തിനും ദോഷകരമല്ലെങ്കിലും, ബില്‍ പാസാകാതിരുന്നതോടെ സെന്‍സസ് അടിസ്ഥാനത്തിലുള്ള പുനര്‍നിര്‍ണ്ണയം ചില സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ കുറയാന്‍ കാരണമാകാമെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ ജനസംഖ്യയുടെ പകുതിയാണെങ്കിലും നിയമനിര്‍മ്മാണ സ്ഥാപനങ്ങളില്‍ അവരുടെ പ്രതിനിധിത്വം കുറവാണെന്നും, ബില്‍ നടപ്പിലാകുന്നത് കൂടുതല്‍ ഉള്‍ക്കൊള്ളുന്ന ഭരണ സംവിധാനത്തിന് വഴിയൊരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നതിനും ഇത് സഹായകരമാകുമെന്നും അവര്‍ പറഞ്ഞു.

സ്ത്രീശാക്തീകരണത്തിനായുള്ള പോരാട്ടം തുടരുമെന്നും, സ്ത്രീകള്‍ തിരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി നല്‍കുമെന്നും പ്രമീളാദേവി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ജയ ബാലചന്ദ്രന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മഞ്ജു പ്രദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

news malayalam