*the news malayalam updates-* *തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: നീലാകാശത്ത് വിസ്മയം തീർത്ത തിരുവമ്പാടി ലൈസൻസി സതീശൻ അന്തരിച്ചു; മരണം 15 ആയി*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: നീലാകാശത്ത് വിസ്മയം തീർത്ത തിരുവമ്പാടി ലൈസൻസി സതീശൻ അന്തരിച്ചു; മരണം 15 ആയി*

 





തൃശ്ശൂർ

*തൃശ്ശൂർ:* മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീശൻ (47) അന്തരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐ.സി.യുവിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 3:30-ഓടെയായിരുന്നു അന്ത്യം. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ 90 ശതമാനത്തിലധികം പൊള്ളലേറ്റ സതീശൻ മൂന്ന് നാൾ തീവ്രപരിചരണത്തിൽ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്. 

2011 മുതൽ തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്ന സതീശൻ, രണ്ട് വർഷം മുൻപ് തിരുവമ്പാടിക്കും പാറമേക്കാവിനും വേണ്ടി ഒരേസമയം വെടിക്കെട്ട് നടത്തി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. ലൈസൻസ് തടസ്സം നേരിട്ട പാറമേക്കാവിന് വേണ്ടി കൂടി സതീശൻ വെടിക്കെട്ട് ഏറ്റെടുത്തതോടെ, പരസ്പരം മത്സരിച്ച് വെടിക്കെട്ട് നടത്തുന്ന രണ്ട് ദേവസ്വങ്ങൾ ആദ്യമായി ഒരു കരാറുകാരന്റെ കീഴിൽ അണിനിരന്നു. 

പിതാവ് മുണ്ടത്തിക്കോട് മണിയുടെ മരണശേഷം കുടുംബപരമായി ലഭിച്ച ചുമതലയാണ് സതീശൻ ഏറ്റെടുത്തത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങൾ ഉൾപ്പെടെ തൃശ്ശൂരിലെ പ്രധാന പൂരങ്ങൾക്ക് ചുക്കാൻപിടിച്ചിരുന്ന സതീശൻ, വെടിക്കെട്ടിൽ വിസ്മയം ഒളിപ്പിച്ചുവെച്ച് പൂരപ്രേമികളെ ലഹരിപിടിപ്പിച്ച കലാകാരനായിരുന്നു. 

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

news malayalam