*the news malayalam updates -* *കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ ‘കൺവെർജ് 2026’ ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ ‘കൺവെർജ് 2026’ ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചു.*

 






പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ സർക്കാർ ഏജൻസികൾ, കൂടാതെ നൂതന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനായി വിദ്യാർത്ഥി–അധ്യാപക സമൂഹം എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ‘കൺവെർജ് 2026’ ബിസിനസ് സമ്മിറ്റ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വിജയകരമായി സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ്, കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (KERA), നബാർഡ്, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്റ്റ്രാറ്റജിക് കൗൺസിൽ (KDISC) എന്നീ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.കോളേജ് ഗവേണിംഗ് ബോഡി ചെയർമാൻ ഫാ.ഡോ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ ഫാ. ഡോ. റോയ് പഴയപ്പറമ്പിൽ ആശംസകൾ അറിയിച്ചു.

പ്രാദേശിക വ്യവസായ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ഉൽപ്പന്നങ്ങളുടെ ടെസ്റ്റിംഗ്, പ്രോട്ടോടൈപ്പ് നിർമ്മാണം എന്നിവയ്ക്കായി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ ലഭ്യമായ യന്ത്രസൗകര്യങ്ങളുടെയും അവയുടെ സാങ്കേതിക സവിശേഷതകളുടെയും വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മുൻ റിസർച്ച് ഡീൻ  ഡോ. വൃന്ദ വി. നായരും കോളേജ് ഗവേണിംഗ് ബോഡി ചെയർമാൻ  ഫാ. ഡോ. ബോബി അലക്സ് മണ്ണംപ്ലാക്കലും ചേർന്നു നിർവ്വഹിച്ചു. പ്രാദേശിക വ്യവസായ സ്ഥാപനങ്ങളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വളർച്ച സാധ്യമാക്കുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ച് ഒരു പാനൽ ചർച്ചയും നടന്നു.പാനൽ ചർച്ചയിൽ കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ. വി. ആർ. രാകേഷ്, നബാർഡ് എജിഎം ശ്രീ. റെജി വർഗീസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ ശ്രീ. വരുൺ ജി, KERA പ്രോജക്ട് ഡയറക്ടർ ശ്രീ. ഷാഹുൽ മുഹമ്മദ്, സീനിയർ കൺസൾട്ടന്റ് ഡോ. ദീപ പി. ഗോപിനാഥ്, അമൽജ്യോതി എൻജിനീയറിങ് കോളേജ് അധ്യാപകൻ ഡോ. ഷെറിൻ സാം ജോസ് എന്നിവർ പങ്കെടുത്തു.

ന്യൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രാദേശിക വ്യവസായ സ്ഥാപനങ്ങളെ എങ്ങനെ പിന്തുണയ്ക്കാമെന്നതിനെക്കുറിച്ച് 10 സ്റ്റാർട്ടപ്പ് കമ്പനികളുടെ പ്രതിനിധികൾ അവരുടെ പ്രവർത്തന മേഖലകളും സേവന സവിശേഷതകളും വിശദീകരിച്ചു. പങ്കെടുത്ത പ്രാദേശിക വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ ദൈനദിന പ്രവർത്തനങ്ങളിൽ നേരിടുന്ന വെല്ലുവിളികളും അതിന് പ്രതീക്ഷിക്കുന്ന പരിഹാരങ്ങളും അവതരിപ്പിച്ചു.വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് നൂതന ആശയങ്ങൾ രൂപപ്പെടുത്താൻ പ്രാപ്തരായ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയുടെ ഭാഗമായി നടന്ന വ്യക്തിഗത ചർച്ചകളിൽ പങ്കാളികളായി.

സമൂഹനന്മ ലക്ഷ്യമാക്കി വിദ്യാർത്ഥികൾ, അധ്യാപകർ, സർക്കാർ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, പ്രാദേശിക വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന ഇത്തരം ഒരു സംഗമം കേരളത്തിൽ ആദ്യമായാണെന്ന് സംഘാടകർ അറിയിച്ചു.വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കാനും, പുതുമയാർന്ന ഉപകരണങ്ങളുടെ വികസനത്തിനും, പ്രാദേശിക വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും ‘കൺവെർജ് 2026’ ഒരു ശക്തമായ തുടക്കമാവുമെന്ന് പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.