*the News malayalam updates* * പാലാ സെന്റ് തോമസ് കോളേജ്: പ്ലാറ്റിനം ജൂബിലി സമാപനം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും*

Hot Widget

Type Here to Get Search Results !

*the News malayalam updates* * പാലാ സെന്റ് തോമസ് കോളേജ്: പ്ലാറ്റിനം ജൂബിലി സമാപനം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും*








അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും പൗരപ്രമുഖരുടെയും നേതൃത്വത്തിൽ മീനച്ചിൽ പ്രദേശത്തെ സാധാരണ ജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പാലാ സെന്റ് തോമസ് കോളേജ് 1950 ഓഗസ്റ്റ് 7 ന് അഭിവന്ദ്യ തോമസ് തറയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഡോ. പി.ജെ. തോമസായിരുന്നു പ്രഥമ പ്രിൻസിപ്പൽ. പ്രൊഫ വി. ജെ. ജോസഫ് വൈസ് പ്രിൻസിപ്പലായും നിയമിക്കപ്പെട്ടു. മുന്നൂറിലധികം വിദ്യാർത്ഥികളും 14 അധ്യാപകരും ഏതാനും അനധ്യാപകരുമാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. അഭിവന്ദ്യ വയലിൽ പിതാവിന്റെ ആത്മകഥയായ ‘നിന്റെ വഴികൾ എത്ര സുന്ദരം’ എന്ന കൃതിയിൽ കോളേജിന്റെ ആരംഭത്തെക്കുറിച്ചും അതിനു വേണ്ടി നടത്തിയ ഭഗീരഥപ്രയത്നങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.

1952-53 അധ്യയന വർഷത്തിൽ ഇക്കണോമിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ ആരംഭിച്ചപ്പോൾ 60 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇൻ്റർമീഡിയറ്റിലാകട്ടെ 612 വിദ്യാർത്ഥികളും. 1952 മുതൽ 1968 വരെയുള്ള കാലഘട്ടങ്ങളിൽ പ്രിൻസിപ്പലായിരുന്ന മോൺ കുരീത്തടം അക്കാദമിക് തലത്തിലും ഭൗതിക മേഖലയിലും കോളേജിനെ ഏറെ ദൂരം മുന്നിലേക്ക് നയിച്ചു. A, B, C എന്നീ ബ്ലോക്കുകളും കോളേജ് ഓഡിറ്റോറിയവും സി.ആർ. ഹോസ്റ്റലും ഫാത്തിമ ഹോസ്റ്റലും കാൻ്റീനും സ്റ്റാഫ് ക്വാർട്ടേഴ്സും നീന്തൽക്കുളവും നിർമ്മിക്കപ്പെട്ടത് ബഹുമാനപ്പെട്ട കുരീത്തടത്തിലച്ചൻ്റെ കാലത്താണ്. 10 ഡിഗ്രി കോഴ്സുകളും 9 ബിരുദാനന്തര ബിരുദ കോഴ്സുകളും ഇക്കാലത്ത് ആരംഭിച്ചു.

1971-72 കാലമാകുമ്പോൾ 2502 വിദ്യാർത്ഥികളും 139 അധ്യാപകരുമാണ് ഉള്ളത്. ജിമ്മി ജോർജ്, സഹോദരൻ ജോസ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സെന്റ് തോമസിന്റെ വോളിബോൾപ്പെരുമയ്ക്ക് ലോകം സാക്ഷ്യം വഹിക്കുന്നതും ഇതേ കാലഘട്ടത്തിലാണ്. 1976 ഫെബ്രുവരി 12 ന് രജത ജൂബിലി ഉദ്ഘാടനം നിർവഹിച്ചത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. 1999-2000 ൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് മേഘാലയ ഗവർണ്ണർ എം.എം. ജേക്കബ്ബ് ആയിരുന്നു. കേന്ദ്ര മന്ത്രി ഒ. രാജഗോപാൽ, വൈസ് ചാൻസിലർ ഡോ. വി.എൻ രാജശേഖരൻ പിള്ള തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.


ഗാർഡിയൻസ് അസോസിയേഷൻ എന്ന പേരിൽ രക്ഷകർത്താക്കളുടേതായ ഒരു സംഘടന 1969 ൽ ആരംഭിക്കുകയും 1976-77 അധ്യയന വർഷത്തിൽ അധ്യാപകരെക്കൂടി ഉൾപ്പെടുത്തി അധ്യാപക രക്ഷാകർത്തൃസംഘടന രൂപീകരിക്കുകയും ചെയ്തു. പ്രഥമ പ്രസിഡന്റ് കെ.സി. സെബാസ്റ്റ്യനും സെക്രട്ടറി ചെറിയാൻ ജെ. കാപ്പനുമായിരുന്നു. 1967 ൽ ശ്രീ കെ.എം. ചുമ്മാർ അധ്യക്ഷനായി അലുംമനെ അസോസിയേഷൻ രൂപീകരിച്ചു.

മോൺ. ഇമ്മാനുവൽ മേച്ചേരിക്കുന്നേൽ, മോൺ ഫിലിപ്പ് വയലിൽ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കൽ, റവ. ഡോ. ജോസഫ് മറ്റം, റവ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, റവ ഫാ.ഈനാസ് ഒറ്റത്തെങ്ങുങ്കൽ, റവ. ഡോ. ജോസഫ് കൊല്ലംപറമ്പിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവർക്കു ശേഷം ഇപ്പോൾ കോളേജിന്റെ മാനേജരായി സേവനം ചെയ്യുന്നത് മുഖ്യ വികാരി ജനറാൾ കൂടിയായ റവ ഡോ. ജോസഫ് തടത്തിലാണ്.

ഡോ.പി.ജെ തോമസ്, റവ. ജോസഫ് കുരിത്തടം, ഡോ. എൻ. എം. തോമസ്, പ്രൊഫ. പി.എം.ചാക്കോ, റവ. ഫാ. ജോസഫ് വെള്ളാങ്കൽ, റവ. ഫാ.ഒ.പി.ഈനാസ് ഒറ്റത്തെങ്ങുങ്കൽ, റവ. ഫാ. ഫിലിപ്പ് ഞരളക്കാട്ട്, റവ. ഡോ. കുര്യൻ മറ്റം, റവ ഡോ. മാത്യു മലേപ്പറമ്പിൽ, റവ.ഡോ. മാത്യു ജോൺ കോക്കാട്ട്, ഡോ.കെ.കെ ജോസ്, റവ. ഫാ. ജോസഫ് ഞാറക്കാട്ടിൽ, ഡോ സണ്ണി ജോസഫ് പഞ്ഞിക്കുന്നേൽ, ഡോ. ജോയി ജോർജ്, ഡോ. ജയിംസ് ജോൺ മംഗലത്ത് എന്നിവർക്കു ശേഷം ഡോ. സിബി ജയിംസ് ഇപ്പോൾ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.

അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിനും അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിനും ശേഷം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് ഇപ്പോൾ കോളേജിന്റെ രക്ഷാധികാരിയായി സേവനമനുഷ്ഠിക്കുന്നത്. വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയമേഖലകളിൽ വലിയ സംഭാവനകളാണ് സെന്റ് തോമസ് കോളേജ് നല്കിയിട്ടുള്ളത്. രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, ഭരണാധികാരികൾ, ശാസ്ത്രജ്ഞർ, വൈസ് ചാൻസിലർമാർ, സാഹിത്യകാരന്മാർ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പേർ കോളേജിൽ പഠിച്ചിരുന്നവരും പഠിപ്പിച്ചിരുന്നവരുമാണ് എന്ന് പറയുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്. ഇപ്പോൾ കേന്ദ്രമന്ത്രിയായിരിക്കുന്ന ശ്രീ. ജോർജ് കുര്യൻ, സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ എന്നിവർ നമ്മുടെ പൂർവ്വ വിദ്യാർത്ഥികളാണ്. മുൻ വനം വകുപ്പ് മന്ത്രി ശ്രീ. എൻ.എം. ജോസഫ് കോളേജിലെ അദ്ധ്യാപകനായിരുന്നു. എം.ജി യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസിലർ ഡോ. എ.റ്റി. ദേവസ്യ ഈ കോളേജിലെ അദ്ധ്യാപകനായിരുന്നു. പിന്നീട് ഡോ. സിറിയക്ക് തോമസ്, ഡോ. ബാബു സെബാസ്റ്റ്യൻ എന്നിവരും സെന്റ് തോമസിലെ അദ്ധ്യാപക നിരയിൽ നിന്ന് വൈസ് ചാൻസിലർ പദവിയിലെത്തി. കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. എൻ. ഉണ്ണികൃഷ്ണൻനായർ സെന്റ് തോമസ് കോളേജിലെ പൂർവ്വവിദ്യാർത്ഥിയാണ്.

1957 ൽ 30 മീറ്റർ നീളത്തിലുള്ള ഒരു സ്വിമ്മിംഗ് പൂളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഒളിമ്പിക്സ് നിലവാരത്തിലുള്ള പൂൾ കോളേജിന് സ്വന്തമാണ്. മൂന്ന് ടർഫ് വിക്കറ്റുകളോടു കൂടിയ ക്രിക്കറ്റ് ഫീൽഡ്, രണ്ട് ഫുട്ബോൾ സ്റ്റേഡിയം, വുഡൻ ഫ്ലോറിംഗ് ഉള്ള മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം, ടെന്നീസ് കോർട്ട്, ഇൻഡോർ ഔട്ട്ഡോർ സൗകര്യങ്ങളിലുള്ള വോളിബോൾ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, ഓപ്പൺ ജിംനേഷ്യം മുതലായവയെല്ലാം കായികരംഗത്തിന് കോളേജ് നല്കുിന്ന പ്രാധാന്യത്തെ എടുത്തുകാട്ടുന്നു.

45 ഇന്റർനാഷണൽ അത്‌ലറ്റുകളെ ഇന്ത്യയെ പ്രതിനിധീകരിച്ച് കായികലോകത്തിന് സമ്മാനിക്കാൻ ഈ കലാലയത്തിന് കഴിഞ്ഞു. അതിൽ വോളിബോൾ, നീന്തൽ, പവർ ലിഫ്റ്റിംഗ്, അത്‌ലറ്റിക്സ് തുടങ്ങിയവ ഉൾപ്പെടുന്നു. അർജുന അവാർഡ് ജേതാക്കളായ ജിമ്മി ജോർജ്, വിൽസൺ ചെറിയാൻ, ദ്രോണാചാര്യ അവാർഡ് ജേതാവായ എൻ. എസ്.പ്രദീപ്, ജി.വി. രാജ അവാർഡ് ജേതാവായ മനോജ് ലാൽ എന്നിവർ കായിക രംഗത്ത് കോളേജിന്റെ യശസ്സുയർത്തിയവരാണ്. മികച്ച കായികതാരങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ വോളിബോൾ, സ്വിമ്മിംഗ്, അത്‌ലറ്റിക്‌സ്, സ്പോർട്സ് അക്കാദമികൾ പ്രവർത്തിക്കുന്നു. ഇൻഡോർ ക്രിക്കറ്റ് നെറ്റ്സിനുള്ള പരിശീലന സൗകര്യവും ഇതിന്റെ ഭാഗമായുണ്ട്. കൂടാതെ സ്കൂൾ വിദ്യാർത്ഥികൾ മുതലുള്ളവർക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നല്കുന്ന ഷട്ടിൽ ബാഡ്മിന്റൺ, സ്വിമ്മിംഗ് അക്കാദമികളും നമ്മുടെ ക്യാമ്പസിലുണ്ട്. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നിരവധി കുട്ടികൾക്ക് ജേതാക്കളാകാൻ ഇതുവഴി അവസരമുണ്ടായി.

കാലോചിതമായ പാഠ്യപദ്ധതികളും പ്രോഗ്രാമുകളും

15 UG പ്രോഗ്രാമുകളും 16 PG പ്രോഗ്രാമുകളും 11 ഗവേഷണവിഭാഗങ്ങളുമാണ് കോളേജില്‍ ഇപ്പോഴുള്ളത്.

ലുമിനാരിയ

പ്ലാറ്റിനം ജൂബിലി ആഘോഷത്തെ വ്യത്യസ്തമാക്കിയ ഘടകങ്ങളിൽ ഒന്നായിരുന്നു ലുമിനാരിയ. ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങളുടെയും ശ്രദ്ധേയരായ വ്യക്തികളുടെയും സഹകരണത്തോടെയാണ് ലുമിനാരിയ സംഘടിപ്പിച്ചത്. പത്മശ്രീ നല്കി രാജ്യം ആദരിച്ചവരും ഗിന്നസ് റെക്കോർഡ് ജേതാക്കളുമായ വ്യക്തികൾ ഉൾപ്പെടെയുള്ളവർ കാമ്പസിലെത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. പുസ്തകമേള, മെഡക്സ്, കാർഷികമേള, കോളേജിലെ എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഒരുക്കിയ സ്റ്റാളുകൾ, കലാസന്ധ്യകൾ എന്നിവയെല്ലാം ചേർന്ന് വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും അവിസ്മരണീയമായ അനുഭവമായി മാറാൻ ലുമിനാരിയായ്ക്കു കഴിഞ്ഞു.

ഇതോടൊപ്പം തന്നെ എടുത്തു പറയേണ്ട മറ്റൊന്നാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കടന്നുപോയ അഖില കേരള സൈക്കിൾ പ്രയാണം. ചെന്നെത്തിയ ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ജനപ്രതിനിധികളുടെയും വിദ്യാലയങ്ങളുടെയും സംഘടനകളുടെയും നേതൃര്യത്തിൽ ഞങ്ങൾക്ക് ലഭിച്ചത്.

വോളിബോൾ ഇതിഹാസവും സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിയുമായിരുന്ന ജിമ്മി ജോർജിൻ്റെ നാട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവരാണ് ഞങ്ങളെ വരവേറ്റത്. ഏറ്റവും വൈകാരികമായ നിമിഷങ്ങൾ കൂടിയായി അതു മാറി. ഇപകാരം പരിസ്ഥിതി സംരക്ഷണത്തിന്റെയും ശരിയായ ആരോഗ്യപരിപാലനത്തിന്റെയും സന്ദേശങ്ങൾ സമൂഹത്തിന് കൈമാറാൻ സാധിച്ചു.

റവ ഡോ. സാൽവിൻ കെ. തോമസ് വൈസ് പ്രിൻസിപ്പലായും റവ.ഫാ മാത്യു ആലപ്പാട്ടുമേടയിൽ ബർസാറായും സേവനമനുഷ്ഠിക്കുന്നു. അക്കാദമിക് രംഗത്തും ഭൗതികസൗകര്യങ്ങളിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെയാണ് പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി വർഷത്തിൽ സഞ്ചരിക്കുന്നത്. എല്ലാ കോഴ്സുകളിലും പെൺകുട്ടികൾക്കു കൂടി പ്രവേശനം എർപ്പെടുത്തി. നാക് സമിതിയുടെ A++ അംഗീകാരം നേടി. ഓട്ടോണമസ് പദവി കരസ്ഥമാക്കി. ലോകനിലവാരത്തിലുള്ള സ്വിമ്മിംഗ് പൂളും സ്പോർട്ട്സ് കോംപ്ലക്സും ഇൻഡോർ സ്റ്റേഡിയവും ഓപ്പൺ ജിംനേഷ്യവും നിർമ്മിച്ചു. വിപുലമായ ലൈബ്രറിയും സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിലുള്ള അവസരവും വിദ്യാർത്ഥികൾക്കായി ഒരുക്കിയതും ശ്രദ്ധയമാണ്.

വരുംകാലത്തിന്റെ സ്വപ്നങ്ങൾക്കു ചിറകാവാൻ സർവ്വസജ്ജമായി, കാലത്തിന്റെ വഴികളിൽ വെളിച്ചമായി സെന്റ് തോമസ് എന്ന വലിയ കലാലയം അതിന്റെ യാത്ര തുടരുന്നു.

ഒക്ടോബര്‍ 23 ന് വൈകിട്ട് 4.00 മണിക്ക്‌ ബിഷപ് വയലില്‍ ഹാളില്‍ വച്ച് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളത്തില്‍ ബഹു. രാഷ്ട്രപതി ദ്രൗപതി മുര്മുി, ബഹു. കേരള ഗവര്ണ്ർ രാജേന്ദ്ര വിശ്വനാഥ് അര്ലേ കർ, പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി ശ്രീ. ജോര്ജ്ജ് കുര്യന്‍, ബഹു. സഹകരണവകുപ്പ് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍, എം.പി.മാരായ ശ്രീ. ജോസ് കെ. മാണി, ശ്രീ. ഫ്രാന്സീവസ് ജോര്ജ്ജ് , ശ്രീ. മാണി സി. കാപ്പന്‍ എം.എല്‍.എ. പാലാ രൂപതാ മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ

റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ എന്നിവർ സന്നിഹിതരാകുന്ന സമ്മേളനത്തിൽ സാമൂഹിക-സാംസ്കാരിക മേഖലയിലെ വിവിധ വ്യക്തികളും പങ്കെടുക്കും.