ദുരിതവും പട്ടിണിയും തുടര്‍ച്ചയായി പെയ്യുന്ന മഴയും ഇരുട്ടും നിറഞ്ഞ കര്‍ക്കടക നാളുകളായിരുന്നു പണ്ടുകാലത്ത് ഉണ്ടായിരുന്നത്. കള്ളക്കര്‍ക്കടക മഴയെ ശപിച്ച് ഉത്സാഹം നഷ്ടപ്പെട്ട് കഴിഞ്ഞുകൂടുന്ന ബാല്യങ്ങള്‍ അന്നു കാത്തിരുന്നത് പിള്ളേരോണമായിരുന്നു. വരാനിരിക്കുന്ന സമൃദ്ധിക്ക് വേണ്ടി തയ്യാറാകാന്‍, മലയാള കലണ്ടറിലെ ആദ്യമാസമായ ചിങ്ങം പുലരുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പ് കര്‍ക്കടകത്തിലെ തിരുവോണദിനം മുതല്‍ തുടങ്ങുമായിരുന്നു.
കുട്ടികളില്‍ ആചാരപരമായ ബോധവും സംസ്‌കാരവും വളര്‍ത്താനും ഈ ചെറിയ വലിയ ആഘോഷം ഉപകരിച്ചിരുന്നു. ഉച്ചയൂണ് കഴിഞ്ഞാല്‍ വീട്ടിലെ കാരണവര്‍ കുട്ടികള്‍ക്ക് ഓണക്കോടിയും നല്‍കുമായിരുന്നു. ഇന്നത്തെപ്പോലെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഇല്ലാതിരുന്ന ആ കാലത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു ഈ ഓണക്കോടി. അതുമായി തുന്നല്‍ക്കാരനെ തേടിയോടുന്ന കഥകളൊക്കെ ഇപ്പോള്‍ കേള്‍ക്കുമ്ബോള്‍ ഓണം സെയിലില്‍ ‘ബൈ ടു ഗെറ്റ് വണ്‍ ഫ്രീ’യില്‍ അടിച്ചു പൊളിക്കുന്ന കുട്ടികള്‍ ഇങ്ങനെയും ഒരു കാലമോ എന്ന് അത്ഭുതം കൂറുന്നു.
പഴയകാലത്ത് ഈ ദിവസം മുതല്‍ പൂവിടല്‍ തുടങ്ങുന്ന ഒരു ആചാരവും ഉണ്ടായിരുന്നു. ആദ്യദിനം ഒരു വളയത്തില്‍ തുടങ്ങി ഇരുപത്തേഴ് ദിവസം ആകുമ്ബോള്‍ ഇരുപത്തേഴ് വളയങ്ങള്‍ പൂവിടുമായിരുന്നു എന്നു പഴമക്കാരായ മുത്തശ്ശിമാര്‍ പറയുന്നു.