The News Malayalam updates - അതിഥി തൊഴിലാളികള്‍ താമസിച്ച കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം: അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു*

Hot Widget

Type Here to Get Search Results !

The News Malayalam updates - അതിഥി തൊഴിലാളികള്‍ താമസിച്ച കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം: അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു*



ചാലക്കുടി താലൂക്കിലെ കൊടകര ജംഗ്ഷനില്‍ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ (ജൂണ്‍ 27) രാവിലെ കെട്ടിടം തകര്‍ന്നു വീണ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശികളായ റെയ്ബുല്‍ ഇസ്ലാം (21), അബ്ദുള്‍ അലി (31), റെയ്ബുല്‍ ഇസ്ലാം (18) എന്നിവരാണ് മരിച്ചത്. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിമാണ് തകര്‍ന്നത്. 11 പേര്‍ രക്ഷപ്പെട്ടു. പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശികളാണ് മരിച്ച മൂന്ന് പേരും.


സംഭവസ്ഥലത്തും തുടര്‍ന്ന് ആശുപത്രിയിലും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.


അപകടസ്ഥലത്തും തുടര്‍ന്ന് ആശുപത്രിയിലും കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് എന്നിവരും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 


അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്ന് പേരെയും അഗ്നിരക്ഷാ സേന, പോലീസ്, റവന്യൂ വകുപ്പുകളുടെയും സന്നദ്ധസേനയുടെയും സഹായത്തോടെ പുറത്തെടുത്ത് കൊടകരയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ കൊടകര ശാന്തി ആശുപത്രിയിലും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പൂര്‍ത്തിയാക്കി. എംബാം ചെയ്ത മൃതദേഹങ്ങള്‍ ബന്ധുവായ ബൈത്തുല്‍ ഇസ്ലാമിന് കൈമാറും. മൃതദേഹങ്ങള്‍ ഇന്ന് (ജൂണ്‍ 28) വിമാനമാര്‍ഗ്ഗം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മൃതദേഹങ്ങളെ അനുഗമിക്കാന്‍ ഒരു ബന്ധുവിനും രണ്ട് പരിചയക്കാര്‍ക്കും യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങള്‍ സബ് കളക്ടര്‍ അഖില്‍ വി. മോനോന്‍ ഏകോപിപ്പിച്ചു. 


സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മറ്റ് ബിള്‍ഡിംഗുകളും സുരക്ഷിതമല്ലാത്ത ലേബര്‍ ക്യാമ്പുകളും പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലപ്പെടുത്തി. 


രക്ഷാപ്രവര്‍ത്തനത്തിന് ഡിവൈഎസ്പി ബിജുകുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എം.എസ് സുവി, ചാലക്കുടി തഹസില്‍ദാര്‍ കെ.എ ജേക്കബ്, തൃശ്ശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ ബി. വൈശാഖ്, കൊടകര സ്റ്റേഷന്‍ എസ്.എച്ച്.ഒ പി.കെ ദാസ്, പുതുക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ജോജു വര്‍ഗീസ്, ഡി.എം ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എ ശ്രീജേഷ്, കൊടകര വില്ലേജ് ഓഫീസര്‍ കെ.ബി സിനി, ചാലക്കുടി ഫയര്‍ ഓഫീസര്‍ രാജേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.