Kottayam
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് കേരളത്തിലെ വിദ്യാർത്ഥി സംരംഭകത്വ രംഗത്തിന് പുതിയ ഉണർവ് നൽകുന്ന ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് വേദിയാകുന്നുവെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 6, 7 തീയതികളിലായി നടക്കുന്ന ഈ ഉച്ചകോടിയിൽ കേരളത്തിലെ 569 കോളേജുകളിൽ നിന്നായി 3000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ഗവ.ചീഫ് വിപ്പ് ഡോ. എം. ജയരാജ് മാർച്ച് ഏഴിന് രാവിലെ പത്തിന്ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ ആശയങ്ങളെ സാമൂഹിക നന്മയ്ക്കായി പ്രയോജനപ്പെടുത്താവുന്ന ഉൽപ്പന്നങ്ങളായും സംരംഭങ്ങളായും രൂപപ്പെടുത്തുന്നതിനുള്ള അക്കാദമിക് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളുടെ സംസ്ഥാനതല സംഗമമായാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഐ.ഇ.ഡി.സി കേന്ദ്രങ്ങളുടെ പ്രതിനിധികളും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുക്കും.
ഉച്ചകോടിയുടെ ഭാഗമായി മാർച്ച് 6-ാം തീയതി അധ്യാപകർക്കായി നോഡൽ ഓഫീസേഴ്സ് മീറ്റപ്പ് സംഘടിപ്പിക്കുന്നു. ദേശീയ നിലവാരത്തിലുള്ള കൂടുതൽ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകൾ സൃഷ്ടിക്കുകയും വിദ്യാർത്ഥികൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വിവിധ കോളേജുകളിൽ നിന്നായി 250-ത്തിലധികം അധ്യാപകർ ഈ പരിപാടിയിൽ പങ്കെടുക്കും. Seeram Sambasiva Rao, IAS Special Secretary Department of Electronics & Information Technology, Government of Kerala, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ശ്രീ അനൂപ് അംബിക, ഗോവ സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ശ്രീ ഡി. എസ്. പ്രശാന്ത്, ഇന്ത്യൻ സ്റ്റെപ്സ് ആൻഡ് ബിസിനസ് ഇൻകുബേറ്റേഴ്സ് അസോസിയേഷൻ (ISBA) തലവൻ ശ്രീ പ്രസാദ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്ലാസുകൾ നടത്തപ്പെടും.
വിദ്യാർത്ഥികളിൽ പുതുമയാർന്ന ആശയങ്ങൾ വളർത്തിയെടുക്കുന്നതിനും നേതൃത്വക്ഷമത വികസിപ്പിക്കുന്നതിനുമായി ഐ.ഇ.ഡി.സി ലീഡ്സ് കോൺക്ലേവ് സംഘടിപ്പിക്കും. വിവിധ കോളേജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 250-ത്തിലധികം വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കും. ഐ.ഇ.ഡി.സി പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചും പുതിയ സംരംഭങ്ങൾ ആരംഭിച്ചും ഉയർന്ന
തൊഴിൽ മേഖലകളിൽ എത്തിച്ചേരുകയും ചെയ്ത പൂർവ വിദ്യാർത്ഥികളും വിദഗ്ധരുമാണ് ഈ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
മാർച്ച് 7-ന് നടക്കുന്ന പ്രധാന ഉച്ചകോടിയിൽ വിദ്യാർത്ഥികൾക്കായി ബിസിനസ്, ഇൻവെസ്റ്റ്മെന്റ്, ടെക്നോളജി എന്നീ മൂന്ന് മേഖലകളിലായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഐ.ഇ.ഡി.സി വിദ്യാർത്ഥി അംഗങ്ങൾ വികസിപ്പിച്ചെടുത്ത ആറു നവീന ഉൽപ്പന്നങ്ങളുടെ പ്രകാശനവും നടക്കും.
ഇൻവെസ്റ്റ്മെന്റ് വിഭാഗത്തിൽ ഏയ്ഞ്ചൽ ഇൻവെസ്റ്റർ ശ്രീ നാഗരാജ പ്രകാശം, കേരള ഏയ്ഞ്ചൽ നെറ്റ്വർക്ക് പ്രതിനിധികൾ, പേറ്റന്റ് അറ്റോണികൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച രീതിയിൽ പ്രവർത്തിച്ച കോളേജ് തല ഐ.ഇ.ഡി.സി കേന്ദ്രങ്ങൾക്ക് അംഗീകാരങ്ങളും, മികച്ച നേതൃത്ത്വം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും, ഐ.ഇ.ഡി.സി ക്ലസ്റ്റർ ഹാക്കത്തോണിലെ വിജയികൾക്ക് സമ്മാനങ്ങളും ഈ അവസരത്തിൽ വിതരണം ചെയ്യും.
കേരളത്തിലെ വിദ്യാർത്ഥികളിൽ നിന്ന് അടുത്ത ഒരു വർഷത്തിനുള്ളിൽ 100-ത്തിലധികം ടെക്നോളജി അധിഷ്ഠിത സ്റ്റാർട്ടപ്പുകൾ രൂപപ്പെടുത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ–വ്യവസായ മേഖല–സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ആദ്യമായി ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് ഉച്ചകോടി സംഘടിപ്പിക്കുന്നത് എന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ മാനേജർ അശോക് പഞ്ഞിക്കരൻ അറിയിച്ചു.
ന്യൂതനാശയ വികസനത്തിനും സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും അമൽജ്യോതി എൻജിനീയറിങ് കോളേജ് പ്രത്യേക പ്രാധാന്യം നൽകുന്നുവെന്നും, ഈ രംഗത്ത് കോളേജ് കൈവരിച്ച നേട്ടങ്ങളുടെ അംഗീകാരമായാണ് ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് അമൽജ്യോതിയെ വേദിയാക്കിയതെന്നും കോളേജ് ഡയറക്ടർ ഫാ. ഡോ. പഴയപറമ്പിൽ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ
അനിഷാമോൾ എബ്രഹാം, (ഐഇഡിസി നോഡൽ ഓഫീസർ- അമൽ ജ്യോതി കോളേജ്)
ഡോ. ഷെറിൻ സാം ജോസ്, (സിഇഒ സ്റ്റാർട്ടപ്പ് വാലി ടിബിഐ & ഐഇഡിസി നോഡൽ ഓഫീസർ- അമൽ ജ്യോതി കോളേജ്)
ഡോ. ലില്ലിക്കുട്ടി ജേക്കബ്, (പ്രിൻസിപ്പൽ - അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്)
ഫാ. ഡോ. റോയ് എബ്രഹാം പഴയപറമ്പിൽ ( ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) -അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്)
അശോക് കുര്യൻ പഞ്ഞിക്കാരൻ, ( സീനിയർ മാനേജർ- കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം)
ഡോ. എബി വർഗീസ് - (പ്രൊഫസർ എജെസിഇ
ആദർശ് വി, പ്രോജക്ട് അസിസ്റ്റൻ്റ് - കേരള സ്റ്റാർട്ടപ്പ് മിഷൻ ) എന്നിവർ പരിപാടികൾ വിശദീകരിച്ചു.
