കാഞ്ഞിരപ്പള്ളി / പൊടി മറ്റം - ഇൻഫാം രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച്, ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ആവിഷ്‌കരിച്ച പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി രേഖയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
'സുഭിക്ഷ ഭാരതത്തിന് സുരക്ഷിത ഭക്ഷണം ഒരുക്കുക' എന്നതാണ് പച്ചപ്പൊലിമ പഞ്ചവത്സര പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നടപ്പാക്കാന്‍ വിവിധ കര്‍മ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. മണ്ണ് സംരക്ഷണത്തിനായി ഭൂമി പുനര്‍ജനി പദ്ധതിയും ധരണീ സമൃദ്ധി പദ്ധതിയും, ഭക്ഷ്യ സുഭിക്ഷതയ്ക്കായി കേരഗ്രാമം, മധു ഗ്രാമം (ഹണി വില്ലേജ്), ധാന്യഗ്രാമം, ക്ഷീരഗ്രാമം, ഫലഗ്രാമം എന്നിവയുടെ 500 ഗ്രാമങ്ങള്‍ വീതവും, പച്ചക്കറികളുടെ സമൃദ്ധിക്കുവേണ്ടി ഒരു ലക്ഷം കുടുംബങ്ങളില്‍ അടുക്കളത്തോട്ടം പദ്ധതിയും നടപ്പിലാക്കും. കൂടാതെ കാര്‍ഷിക വിളകളുടെ സംഭരണത്തിനും സംസ്‌കരണത്തിനും മൂല്യവര്‍ധനവിനുമുള്ള മാര്‍ഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുള്ള കാര്‍ഷികജില്ലകളുടെ നേതൃത്വത്തില്‍ സാമൂഹ്യ സന്നദ്ധ സംഘടനകള്‍ വഴിയും സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍ വഴിയും നടപ്പിലാക്കും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനുവേണ്ടി കേരളത്തില്‍ 250 -ാളം ഇന്‍ഫാം മാര്‍ട്ടുകളും നൂറില്‍പരം ഇന്‍ഫാം അഗ്രി മാര്‍ട്ടുകളും ആരംഭിക്കും. സംസ്ഥാന തലത്തിലും അന്തര്‍സംസ്ഥാന തലത്തിലും നിലവിലുള്ള വ്യാപാര വിപണന ശൃംഖലകളുമായി ഇന്‍ഫാമിന്റെ കിസാന്‍ ദോസ്ത് പദ്ധതിപ്രകാരം കൈകോര്‍ക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
