കഴിഞ്ഞ ഒരു മാസമായി നീണ്ടു നിന്ന പ്രചാരണങ്ങള്‍ക്ക് ഒടുവിലാണ് തെക്കന്‍ കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തില്‍ എത്തുന്നത്. 471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 7 ജില്ലാ പഞ്ചായത്തുകള്‍, 39 മുനിസിപ്പാലിറ്റികള്‍, 3 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.36630 സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്നത്. അതില്‍ കൂടുതലും സ്ത്രീകളാണ്. 19573 സ്ത്രീകളാണ് മത്സരിക്കുന്നത്. ഏറ്റവും അധികം പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത് തിരുവനന്തപുരത്താണ്. ഇന്ന് നിശബ്ദ പ്രചാരണത്തിലൂടെ പരമാവധി വോട്ട് പിടിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍.എറണാകുളം പരമ്ബരാഗതമായി യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന ജില്ലയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫിന് തിരിച്ചടി ഉണ്ടായപ്പോഴും എറണാകുളത്ത് യുഡിഎഫിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെങ്കിലും കൊച്ചി കോര്‍പ്പറേഷന്റെ ഭരണം കൈവിട്ടു പോയിരുന്നു. ഇക്കുറി യുഡിഎഫിന്റെ പ്രധാന ലക്ഷ്യം കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കുക എന്നതാണ്. ശബരിമല കൊള്ളയടക്കമുള്ള വിഷയങ്ങള്‍ യുഡിഎഫ് ഉയര്‍ത്തുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പ്രചാരണം. ബിജെപിയും സജീവമായി രംഗത്തുണ്ട്.ആലപ്പുഴയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. ഇടുക്കി യുഡിഎഫിന്റെ പരമ്ബരാഗത കോട്ടയാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടായിരുന്നു. ഇക്കുറി ജില്ലാ പഞ്ചായത്തില്‍ അടക്കം എല്‍ഡിഎഫ് - യുഡിഎഫ് കടുത്ത മത്സരം നടക്കും. പ്രാദേശികമായി യുഡിഎഫിലുള്ള ഭിന്നതകള്‍ എങ്ങനെ പ്രതിഫലിക്കും എന്നും ഈ ജനവിധിയിലൂടെ അറിയാം.രണ്ടാംഘട്ടത്തില്‍ 39,013 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്താകെ 75,643 സ്ഥാനാര്‍ത്ഥികളാണ് രണ്ടു ഘട്ടങ്ങളിലായി മത്സരിക്കുന്നത്.
