സ്വന്തം വീഴ്ച്ചകൾ മറച്ചു വെക്കുന്നതിന് കരാർ കമ്പനിക്കെതിരേ കാഞ്ഞിരപ്പള്ളി എം എൽ എ ഉൾപ്പടെയുള്ളവർ ആരോപണങ്ങൾ ഉന്നയിക്കുന്നത് അപഹാസ്യവും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനും വേണ്ടിയാണന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല എന്ന കരാർ കമ്പനിയുടെ പരാതികൾ വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന അധികാരികളുടെ പ്രസ്‌താവന ബൈപാസ് നിർമ്മാണം അട്ടിമറിക്കാൻ വേണ്ടിയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബൈപ്പാസ് നിർമ്മാണം അട്ടിമറിക്കുന്നതിനെതിരേ യു ഡി എഫ് പ്രക്ഷോഭം ആരംഭിക്കുകയാണെന്നും ആദ്യഘട്ടമായി വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് കരാറുകാരൻ പണി നിറുത്തി വെച്ച പഞ്ചായത്തോഫിസ് പടിയിലെ പില്ലറുകളിൽ റീത്ത് വെച്ച് പ്രതിഷേധിക്കുമെന്നും യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബൈപാസുമായി ബദ്ധപ്പെട്ട് എം എൽ എ അടക്കമുള്ളവർക്ക് നിഷിപ്ത താല്പര്യങ്ങളുണ്ട്. ബി ജെ പി നേതാവ് അമിത്ഷായുമായി ബന്ധമുള്ള കമ്പനിയ്ക്ക് പദ്ധതിയുടെ കരാർ ലഭിച്ചതെങ്ങനെയാണന്ന സംശയം പൊതു സമൂഹത്തിൽ നേരത്തെ തന്നെ ഉയർന്നിരുന്നു. പദ്ധതിയിടെ നിർമാണം നിലച്ചിട്ടും ഭരണകക്ഷിയായ സി പി എം പ്രതികരിക്കുന്നു പോലുമില്ല. സി പി എം ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.നിലവിൽ കരാറെടുത്തിരിക്കുന്ന കമ്പനിയെ ഒഴിവാക്കി പദ്ധതി റീടെൻഡർ ചെയ്ത് മറ്റ് കമ്പനിക്ക് കരാർ നൽകാനുള്ള തീരുമാനം ബൈപാസ് പദ്ധതിയെത്തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണന്നും യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ പ്രൊഫ റോണി കെ ബേബി, ബിജു പത്യാല, വി എസ് അജ്മൽഖാൻ, ജോയി മുണ്ടാമ്പള്ളി എന്നിവർ പങ്കെടുത്തു.