അറബിക്കടലിൽ എംഎസ്‌സി എൽസ -3 കപ്പൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അഡ്‌മിറലിറ്റി സ്യൂട്ട് ഫയൽ ചെയ്‌തു. കപ്പലിന്റെ ഉടമകളായ എംഎസ്‌സി ഷിപ്പിംഗ് കമ്പനിക്കെതിരെ ഫയൽ ചെയ്ത സ്യൂട്ടിൽ സർക്കാർ 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. എംഎസ്‌സി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്‌സി അകിറ്റെറ്റ II എന്ന കപ്പൽ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു.
നിലവിൽ വിഴിഞ്ഞം പോർട്ടിലുള്ള കപ്പലാണ് അറസ്റ്റ് ചെയ്തത്. അപകടത്തെ തുടർന്ന് എണ്ണചോർച്ചയടക്കം പരിസ്ഥിതിക്കുണ്ടായ മലിനീകരണം, മത്സ്യത്തൊഴിലാളികൾക്കുണ്ടായ ഉപജീവന മാർഗ നഷ്ടം, കപ്പലിലെ കണ്ടെയ്‌നറുകളിൽ നിന്നും പുറംതള്ളിയ മാലിന്യങ്ങൾ നീക്കൽ എന്നിവ ചൂണ്ടികാട്ടിയാണ് നഷ്ടപരിഹാരം തേടിയത്. ഹർജി ജസ്റ്റിസ് എം എം അബ്ദുൾ ഹക്കീം പത്തിന് പരിഗണിക്കും. സർക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണണക്കുറുപ്പ്, ഗവ. പ്ലീഡർ പാർവ്വതി കോട്ടോൾ എന്നിവരാണ് കോടതിയിൽ ഹാജാരായത്.