വെച്ചൂച്ചിറയിൽ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. മൺവെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകൻ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നമാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പ്രാഥമികവിവരം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോട് അടുപ്പിച്ചായിരുന്നു സംഭവം. എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനിൽ. സുനിലും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളാണ് ഭാര്യാമാതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് സുനിലും ഭാര്യയും കഴിഞ്ഞ നാലുവർഷത്തോളമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മ ഉഷയോടൊപ്പമാണ് ഭാര്യയും രണ്ടുമക്കളും കഴിഞ്ഞിരുന്നത്.
ഇന്ന് ഉച്ചയോടെ, കുട്ടികളെ കാണണം എന്ന ആവശ്യവുമായാണ് സുനിൽ ഉഷയുടെ വീട്ടിലെത്തിയത്. ഉഷയുടെ മറ്റൊരു മകൾ മാത്രമാണ് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. വൈകാതെ ഇരുവരും വാക്തർക്കത്തിലേർപ്പെട്ടു. പിന്നാലെ സുനിൽ മൺവെട്ടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം.