_"മലയോരത്ത് പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും - മന്ത്രി എ.പി. അനിൽകുമാർ"_
*പൂഞ്ഞാർ MLAയുടെ ഓഫീസ് മുണ്ടക്കയത്ത് തുറന്നു*
*മുണ്ടക്കയം (31-ാം മൈൽ):* പൂഞ്ഞാർ MLA അഡ്വ. എം.ജെ. സെബാസ്റ്റ്യന്റെ പുതിയ ഓഫീസ് മുണ്ടക്കയം 31-ാം മൈലിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഈ മേഖലയിലെ പട്ടയ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കപ്പെടാൻ നടപടി സ്വീകരിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച് മന്ത്രി സൂചിപ്പിച്ചു.
പട്ടയ പ്രശ്നത്തിലും വന്യജീവി ആക്രമണങ്ങളിലും പെട്ട് നട്ടംതിരിയുന്ന മലയോര ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.
ഈ മേഖലയിലെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ചെറുകിട കർഷകരുടെയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അധ്യക്ഷത വഹിച്ച അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പറഞ്ഞു.
ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. KPCC ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലീം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, സൂസമ്മ മാത്യു, ബിന്ദു സെബാസ്റ്റ്യൻ, ടി.എസ്. റഷീദ് തുടങ്ങി നിരവധി UDF നേതാക്കൾ പങ്കെടുത്തു.
