Kottayam
കണ്ണൂർ അഞ്ചരകണ്ടി ദന്തൽ കോളേജിലെ ബി.ഡി. എസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ശ്യപ്പെട്ട് ഏപ്രിൽ 28 - ന് "ജസ്റ്റിസ് ഫോർ നിധിൻരാജ് ആക്ഷൻ കൗൺസിൽ" പ്രഖ്യാപിച്ച കേരളാ ഹർത്താലിന് അഖി ലതിരുവിതാംകൂർ മല അരയ മഹാസഭ പിന്തുണ പ്രഖ്യാപിച്ചു. നിധിൻ രാജിന് ക്രൂരമായ വിവേചനമാണ് കോളേജിൽ നേരിടേണ്ടി വന്നത്. സംഭവം നടന്ന് രണ്ടാഴ്‌ച പിന്നിട്ടിട്ടും പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്‌തിട്ടില്ല. കോളേജ് മാനേജ്മെൻ്റിനെയും ജാതിവെറിപൂണ്ട അധ്യാപകരെയും രക്ഷപ്പെടുത്താനുള്ള നീക്കമാണ് പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നിധിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുക, കേരളത്തിലും രോഹിത് വെമുല ആക്ട് നടപ്പാക്കുക, അഞ്ചരക്കണ്ടി ദന്തൽ കോളെ ജിൻ്റെ അംഗീകാരം റദ്ദാക്കുക, നിധിൻ രാജിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് .
ഇതുസംബന്ധിച്ച് നടന്ന ചടങ്ങിൽ അഖില തിരുവിതാംകൂർ മലഅരയ മഹാസഭ പ്രസിഡൻറ് പി എസ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ ശശി, വൈസ്പ്രസിഡൻ്റ്' പി എൻ ശശി പഴൂർ, ടി ഐ ലീല (ജോയിൻ്റ് സെക്രട്ടറി), പി ബി ശ്രീനിവാസൻ (ഖജാൻജി), കോട്ടയം ജില്ലാ പ്രസിഡണ്ട് പി ആർ ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.
