എനിക്കൊരു കണ്ണട വാങ്ങണം
മുഖം പാതിയും മറയ്ക്കുമൊരു
കണ്ണട വാങ്ങണം.
മുഖമാണ് മനസ്സിന്റെ
കണ്ണാടി
എന്ന് ആരോ പറയുന്നു
എങ്കിൽ എനിക്ക് മുഖം മറച്ചേ കഴിയൂ
എൻ കണ്ണുകൾ നിന്നോട് മനസ്സിന്റെ ഭാഷ പറഞ്ഞു തന്നാലോ...
എൻ കണ്ണുകൾ പെയ്ത മഴ നിന്നോട് പറഞ്ഞു തന്നാലോ...
നീയെൻ മനസ്സിനടിത്തട്ടിൽ
വാരിയെറിഞ്ഞ കനൽപൂക്കൾ എരിഞ്ഞെരിഞ്ഞൊരു
കാട്ടുതീയായത് മുഖം നിന്നോട് പറഞ്ഞാലോ...
പ്രത്യാശയുടെ പൂക്കൾ കരിഞ്ഞുണങ്ങിയ ആത്മാവിനെ
നീ കണ്ടറിഞ്ഞാലോ...
ഞാനറിഞ്ഞ നോവിന്റെ വേവുകൾ
നീയെൻ കണ്ണിൽ വായിച്ചാലോ....
കാലം വിരിയിച്ച വയൽ പൂക്കൾ
കാലമെത്തും മുൻപേ കരിയുമ്പോഴും
കണ്ണിൽ ഒരു കർക്കിടകം
തിരി മുറിയാതെ പെയ്യുമ്പോഴും
നെഞ്ചിൽ തുടിക്കും ഇടി നാദത്തിൽ
ഞാൻ വിറ കൊള്ളുമ്പോഴും
എൻ മനമെൻ മുഖത്തോട് കള്ളം പറഞ്ഞു
എൻ മുഖത്ത് ഞാൻ കടും
നിറത്തിൻ
ചായക്കൂട്ട് അണിഞ്ഞു.
മുഖം മനസ്സിന്റെ കണ്ണാടി എന്ന് ആരോ വെറുതെ പറഞ്ഞു
മുഖമാണ് മനസ്സിനെ മറക്കുന്ന നിറക്കൂട്ട് എന്ന് ഞാനും പറഞ്ഞു.
എനിക്കൊരു കണ്ണട വാങ്ങണം...
മുഖം മറയ്ക്കുന്ന കണ്ണട വാങ്ങണം.
മായ എൻ. നായർ കാഞ്ഞിരപ്പള്ളി - 81119 51924