കാഞ്ഞിരപ്പള്ളി - മൈസൂരിൽ നടന്ന 50 - മത് ദേശീയ സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാംവർഷ കൊമേഴ്സ് വിദ്യാർഥി രേവതി രാജേഷ്.
ഒക്ടോബർ 09 മുതൽ 12 വരെ കർണാടകയിലെ മൈസൂരിലായിരുന്നു ദേശീയ സീനിയർ യോഗ ചാംപ്യൻഷിപ്പ്. ഈ ചാമ്പ്യൻഷിപ്പിൽ കേരളത്തിനാണ് ഓവർ ഓൾ രണ്ടാം സ്‌ഥാനം. പാലായിൽ നടന്ന സംസ്‌ഥാന സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയാണ് ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. കോന്നിയിൽ നടന്ന എം ജി സർവ്വകലാശാല ഇന്റർകോളേജിയേറ്റ് യോഗ ചാമ്പ്യൻഷിപ്പിലും രേവതിക്കായിരുന്നു ഒന്നാം സ്‌ഥാനം. അടുത്ത മാസം ബുവനേശ്വറിൽ നടക്കുന്ന അന്തർ സർവ്വകലാശാല മത്സരത്തിനും ഈ കൊച്ചുമിടുക്കി യോഗ്യത നേടിയിട്ടുണ്ട്.
എരുമേലി മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ് - രാജി ദമ്പതികളുടെ മൂത്ത മകളാണ് രേവതി. ഇതു വരെ എട്ടു തവണ സംസ്‌ഥാനത്തെ പ്രതിനിധികരിച് ദേശീയ മത്സരത്തിൽ പങ്കെടുത്തിതുണ്ട് . എരുമേലി വെൺകുറിഞ്ഞി എസ്എൻഡിപി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ വിദ്യാർഥിനി യോഗാ പരിശീലനം ആരംഭിച്ചത്.
--
