തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി ഇൻചാർജ് ഗിരീഷ് ചോദങ്കർ, തമിഴ്നാട് പിസിസി പ്രസിഡന്റ് സെൽവപെരുന്തഗൈ, പാർലമെന്ററി പാർട്ടി നേതാവ് രാജേഷ് കുമാർ, കരൂർ എംപി ജോതിമണി, എംപിമാരായ മാണിക്കം ടാഗോർ, റോബർട്ട് ബ്രൂസ്, വിജയ് വസന്ത്, എ ഐ സി സി ഇൻചാർജ് ഡോ. ചെല്ലകുമാർ തുടങ്ങിയ ജനപ്രതിനിധികൾക്കും നേതാക്കൾക്കുമൊപ്പമാണ് ഇന്ന് കരൂർ സന്ദർശിച്ചത്. ഒരു നാട് മാത്രമല്ല, ഒരു രാഷ്ട്രം തന്നെയാണ് ഹൃദയം നുറുങ്ങുന്ന വേദനയിലാണ്ട് കിടക്കുന്നത്. ഒരു പ്രസ്ഥാനത്തിൽ വിശ്വസിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട മനുഷ്യരുടെ ആരും കേൾക്കാത്ത ശ്വാസം മുട്ടിയുള്ള കരച്ചിൽ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായി. കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു. അമ്മയെയും സഹോദരനും ഭർത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. അവരുടെ ഹൃദയം തേങ്ങുന്നത്, ഇന്ന് തൊട്ടറിയാനായി
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മനുഷ്യരെ കാണാനായി ഞങ്ങൾ ആശുപത്രിയിൽ ചെല്ലുകയുമുണ്ടായി. ആ കാഴ്ചയും ഒരുപാട് അസ്വസ്ഥപ്പെടുത്തി. അവിടെക്കണ്ടവരൊക്കെയും ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽപ്പെട്ട് മുന്നോട്ടുപോകുന്നവരായിരുന്നു, ഒരു നേരത്തേ അന്നത്തിനായി കൂലിവേല ചെയ്യുന്നവർ, ഒരു വീടിന്റെ അത്താണിയായവർ. അങ്ങനെ എത്രയോ മനുഷ്യർ. അവർക്കൊപ്പം എക്കാലവും കോൺഗ്രസ് പ്രസ്ഥാനമുണ്ടാകും. അപകടത്തിൽ മരണപ്പെട്ട 41 പേരുടെ കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപ വീതം മൊത്തം ഒരുകോടി രണ്ടു ലക്ഷത്തി അമ്പത്തിനായിരം രൂപ ധനസഹായവും കൈമാറി. ജീവന്റെ വിലയല്ല ഒരിക്കലുമത്. പക്ഷേ, ഈ സമയം കഴിയാവുന്നതൊക്കെയും ചെയ്തുനൽകുകയെന്നതാണ് നീതിയും ചേർത്തുപിടിക്കലുമെന്ന് വിശ്വസിക്കുന്നു.
അവരോടൊപ്പം, ഈ നാടിനൊപ്പം, ഈ വേദനയ്ക്കൊപ്പം നിൽക്കാം നമുക്ക്.