മനസ്സേ മടങ്ങു നീ വേഗം
കനിവിൻ മലർ വാകകൾ
ഇതളടർന്നോർമ്മയായ് തീർന്ന
കളിയരങ്ങിൽ നിന്നും ജീവൻ പിടയ്ക്കും അഴലിൽ മരുഭൂവിലേക്ക്..
കളിവിളക്കാരെ കെടുത്തി
അതോ പടുതിരി എരിഞ്ഞുവോ ..
വേഷങ്ങളെന്തേ അണിയറക്കുള്ളിൽ മറഞ്ഞു
പാതിയും താഴ്ത്താൻ മറന്നൊരാ
തിരശ്ശീല മാത്രം ഇനിയും ബാക്കി.
കാണികൾ, കരഘോഷംഎവിടെ
ചടുല തീഷ്ണമായ്
ജ്വലിച്ചൊരാ വേഷങ്ങളെവിടെ..
സ്നേഹിച്ചു നെഞ്ചോടു ചേർത്തെൻ
പിൻ കഴുത്തിൽ വിഷപ്പല്ലാഴ്ത്തി ചിരിച്ചൊരാ
കരിവേഷ ഭാവങ്ങളെവിടെ
കഥയറിയാതെ ആടി തിമിർത്തൊരാ കോമാളി വേഷം മാത്രം ബാക്കി.
വാക്കിന്റെ മുനയാലെൻ
കരൾ നീറി പൊടിഞ്ഞതും
കണ്ണീരിൻ ചോര ചായം വരച്ചതും
എൻ നോവിൽ കാണികളാർത്തു ചിരിച്ചതും
( തെറ്റല്ലവർ ചെയ്തതും )
'കോമാളി കരയുവാൻ പാടില്ല'
കാലം കുറിച്ച നിയമം തെറ്റുവാനാകുമോ.
ആർത്തു വിളിച്ചൊരാ
ആൾക്കൂട്ട നടുവിൽ
ആരോ പറയുന്നു നീയാണ് കേമൻ..
അഭിനയത്തികവിൻ മകുടമീ ശിരസ്സോടു ചേർക്ക...
അറിയില്ലതിൻ പൊരുൾ ഞാൻ-
നടിച്ചതേയില്ലയീ വേദിയിൽ..
ജീവിക്കയായിരുന്നല്ലോ.
ചിതറുമെൻ വാക്കുകൾ വ്യർത്ഥം
ബധിരകാവ്യങ്ങൾ...
ഇനിയും മടങ്ങാം എൻ കോമാളി വേഷം
ചിരിമഴ പെയ്യിച്ചൊരീ വേദിയും വിട്ട്.
എങ്കിലും കരയില്ല കരയുവാൻ പാടില്ല
കോമാളി ചിരിക്കണം തനിക്കല്ല....
ചുറ്റും കരയും മുഖങ്ങൾ ചിരിക്കുവാൻ
ചിരിപ്പിക്കുവാൻ
ഇനിയും ചിരിക്കണം.
മായ എൻ. നായർ - കാഞ്ഞിരപ്പള്ളി, പാറത്തോട്.