ഒഡീഷ - ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രാ ഉത്സവത്തിനിടെ മൂന്ന് പേർ മരണമടഞ്ഞു. ബലഭദ്ര ഭഗവാന്റെ രഥം വലിക്കാന്‍ വന്‍ ജനക്കൂട്ടം എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്. അപകടത്തില്‍ 500-ലധികം പേര്‍ക്ക് പരുക്കേറ്റതായി അറിയുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള രഥങ്ങളില്‍ ഒന്നായ തലധ്വജ രഥം വലിക്കുന്ന ആചാരപരമായ ആഘോഷത്തിനിടെയാണ് അപകടം നടന്നത്.
തലധ്വജ രഥം വലിക്കുന്ന കയറുകള്‍ പിടിക്കാന്‍ ഭക്തര്‍ കൂട്ടത്തോടെ ഓടിയെത്തിയതാണ് തിരക്ക് ഉണ്ടാകാൻ കാരണം . പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്ത് പേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. ചൂടും ഈർപ്പവും കാരണം 375-ൽ പരം ഭക്തർ ബോധരഹിതരായി. വൻമ്പിച്ചജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഒഡീഷ സർക്കാർ കേന്ദ്ര സായുധ പൊലീസ് സേനയുടെ എട്ടു കമ്പനികള്‍ ഉള്‍പ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്. ഏതാണ്ട് പത്ത് ലക്ഷത്തിലധികം ഭക്തർ പങ്കെടുത്തതായി അറിയുന്നു.