മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കേരളത്തിൽ, മഴ തുടരുന്നതിനാൽ, ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഉയർത്തി. അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് ലെവലായ 136 അടിയിൽ നിലനിർത്തുന്നതിനാണിത്. ഇന്നലെ രാത്രി 10 മണിയോടെ ജലനിരപ്പ് 136 അടി കടന്നിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ അണക്കെട്ടിന്റെ പതിമൂന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നു. സെക്കൻഡിൽ 250 ഘനയടി വെള്ളം പെരിയാർ നദിയിലേക്ക് ഒഴുക്കിവിടുന്നുണ്ട്. പെരിയാർ കരകവിഞ്ഞൊഴുകുന്നതിനാൽ ഇടുക്കിയിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരത്ത് താമസിക്കുന്ന 880 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ പൂർത്തിയായി.
അതേസമയം, വരും ദിവസങ്ങളിലും കേരളത്തിലെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.