കോട്ടയത്ത് പള്ളിക്കത്തോട്ടിൽ ലഹരിക്ക് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി.
പള്ളിക്കത്തോടിന് സമീപം ഇളംപള്ളിയിലാണ് സംഭവം നടന്നത്.
ഇളമ്പള്ളിയിൽ കയ്യൂരി പുല്ലാങ്കതകിടിയിൽ അടുകാണിയിൽ വീട്ടിൽ സിന്ധു (46) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയ മകൻ അരവിന്ദ് (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
മുമ്പ് ജെസിബി ഡ്രൈവർ ആയിരുന്ന ഇയാൾ കഞ്ചാവ് അടിമയായതോടെ ഇതുമായി ബന്ധപ്പെട്ട ചികിത്സയിൽക്കിടയിലാണ് മാതാവിനെ കൊലപ്പെടുത്തിയത്.
സംഭവ സമയം അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
നാട്ടുകാർ ശബ്ദം കേട്ട് ഓടിയെത്തുമ്പോൾ കൊലപാതകത്തിന് ശേഷം അരവിന്ദ് അമ്മയുടെ മൃതദേഹത്തിന് സമീപം തന്നെ ഇരിക്കുകയായിരുന്നു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലപ്പെട്ട സിന്ധു പൊൻകുന്നം കോടതി പരിസരം കേന്ദ്രീകരിച്ച് ലോട്ടറി കച്ചവടം നടത്തി വരുകയായിരുന്നു.
സിന്ധുവിന്റെ ഇളയ മകൻ ആലപ്പുഴയിൽ വിദ്യാർത്ഥിയാണ്.
ലോക ലഹരിവിരുദ്ധ ദിനത്തിലാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള കൊലപാതകം നടന്നിരിക്കുന്നത്.