ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇറാനും ഇസ്രയേലും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയാണ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് ഇറാന്റെ പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു.
വെടിനിർത്തൽ സന്നദ്ധത യുഎസാണ് അറിയിച്ചതെന്നും വെടിനിർത്തലിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ഡോണൾഡ് ട്രംപ്, ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയുമായി ഫോണിൽ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാൻ അഭ്യർഥിക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.
അതേസമയം, ഖത്തറിലെ യുഎസ് ബേസിലേക്ക് നടത്തിയ ആക്രമണത്തോടെ അമേരിക്കയോടുള്ള സൈനിക പ്രതികരണം തൽക്കാലത്തേക്ക് ഇറാൻ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. തുടർന്നും അമേരിക്ക പ്രകോപിപ്പിച്ചാൽ പ്രതികരിക്കുമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കൻ പ്രസിഡന്‍റാകട്ടെ, ആക്രമണം അവഗണിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ചെയ്തത്. ഇതോടെ വലിയ ആശങ്കയാണ് തൽക്കാലത്തേക്കെങ്കിലും ഗൾഫ് മേഖലയിൽ നിന്ന് ഒഴിയുന്നത്. അതേസമയം, സമാധാനം പുലരുന്നതിൽ ഇസ്രയേൽ നിലപാട് നിർണായകമാണ്. ആശങ്ക സമാധാനത്തിലേക്ക് വഴിമാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.