*ചങ്ങനാശ്ശേരി മർത്ത്മറിയം വലിയപള്ളി ഇനി ബസിലിക്ക ! കോട്ടയത്തേ ആദ്യ ബസിലിക്ക, കേരളത്തിലെ 14 -ാം മത് ബസിലിക്ക*
*ചങ്ങനാശേരി:* നൂറ്റാണ്ടിലേറെ പഴക്കമുള്ള വിശ്വാസപാരമ്പര്യത്തിന് പുതിയ അധ്യായം കുറിച്ച് ചങ്ങനാശേരി അതിരൂപതയുടെ മരിയൻ തീർഥാടനകേന്ദ്രമായ പാറേൽ മർത്ത്മറിയം വലിയപള്ളി ബസിലിക്കയായി ഉയർത്തപ്പെട്ടു.
കേരളത്തിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നായി നിർമിച്ച പാറേൽ പള്ളിയുടെ പുതിയ ദേവാലയത്തിന്റെ കൂദാശയെ തുടർന്നാണ് ബസിലിക്ക പ്രഖ്യാപനം. കോട്ടയം ജില്ലയിലെ ആദ്യ ബസിലിക്ക എന്ന ചരിത്രനേട്ടവും ഇതോടെ പാറേൽ പള്ളിക്ക് സ്വന്തമായി.
*ചടങ്ങുകൾ ഇങ്ങനെ*
ചങ്ങനാശേരി മർത്ത്മറിയം വലിയപള്ളിയിൽ നിന്ന് കൂദാശ തിരുശേഷിപ്പ് എഴുന്നള്ളിച്ചതോടെയാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചടങ്ങുകൾക്ക് തുടക്കമായത്. ബിഷപ്പുമാരും വൈദികരും വിശ്വാസികളും അടക്കം പതിനായിരങ്ങൾ സാക്ഷികളായി.
വൈകിട്ട് അഞ്ചിന് ബസിലിക്ക പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ തോമസ് തറയിലാണ് പ്രഖ്യാപനം നിർവഹിച്ചത്.
പാറേൽ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു കൊണ്ടുള്ള മാർപാപ്പയുടെ പ്രതിനിധി കർദിനാൾ ആർതർ റോച്ചിന്റെ പത്രിക ആർച്ച് ബിഷപ് വായിച്ചതോടെ അത് ചങ്ങനാശേരി അതിരൂപതയ്ക്കും കേരള കത്തോലിക്ക സഭയ്ക്കും അഭിമാന നിമിഷമായി.
ഇതോടെ പാറേൽ ദേവാലയം *മർത്ത്മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക* എന്ന പേരിൽ അറിയപ്പെടും. കേരളത്തിലെ പതിനാലാമത്തെയും ചങ്ങനാശേരി അതിരൂപതയിലെ രണ്ടാമത്തെയും ബസിലിക്കയാണിത്. ചമ്പക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിക്ക് ശേഷമാണ് ഈ നേട്ടം.
*1906 മുതൽ പാറേൽ*
1906-ൽ സ്ഥാപിതമായ പാറേൽ പള്ളി ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വിശ്വാസപാരമ്പര്യം പേറുന്നതാണ്. വിശ്വാസികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളും തീർഥാടനകേന്ദ്രത്തിന്റെ പ്രാധാന്യവും പരിഗണിച്ചാണ് പുതിയ ദേവാലയം നിർമിച്ചത്. 2015-ൽ ആരംഭിച്ച നിർമാണം പൂർത്തിയായതോടെ കേരളത്തിലെ തന്നെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നായി പാറേൽ മാറി.
51,000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് പുതിയ ദേവാലയസമുച്ചയം. ഒരേസമയം 3,000 വിശ്വാസികൾക്ക് ഇരുന്ന് പ്രാർഥിക്കാം. ചുറ്റുമുള്ള ഇടനാഴികളിൽ ഏകദേശം 900 പേർക്ക് കൂടി നിൽക്കാനാകും. ഫാനുകളുടെ സഹായമില്ലാതെ തന്നെ സ്വാഭാവിക വായുസഞ്ചാരം ലഭിക്കുന്ന രീതിയിലുള്ള നിർമാണമാണ് പ്രധാന സവിശേഷത. കേരളീയ വാസ്തുശില്പ പാരമ്പര്യവും ആധുനിക നിർമാണ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ദേവാലയം ഒരുക്കിയിരിക്കുന്നത്.
മൂന്നാം നിലയിലാണ് പ്രധാന ദേവാലയമായ മർത്ത്മറിയം വലിയപള്ളി. രണ്ടാം നിലയിൽ അമലോദ്ഭവ മാതാവിന്റെ കപ്പേളയും നിത്യാരാധന ചാപ്പലും കുമ്പസാരവേദിയും. താഴത്തെ നിലയിൽ ഭൂഗർഭ കപ്പേളയും.
*കൂദാശ മഹോത്സവം ഡിസംബർ 24 വരെ*
കൂദാശ മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ 7-ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പുതിയ കൽക്കുരിശിന്റെ വെഞ്ചരിപ്പും നടക്കും. രാവിലെ 9.30-ന് മാർ തോമസ് പാടിയത്ത് പുതിയ കൊടിമരം വെഞ്ചരിക്കും. ഉച്ചകഴിഞ്ഞ് 3.15-ന് യുവദീപ്തി-എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ മരിയൻ റാലിയും യുവജനസംഗമവും. വൈകിട്ട് 5-ന് ആർച്ച് ബിഷപ് മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. വൈകിട്ട് 6.30-ന് ചങ്ങനാശേരി എസ്.ബി. കോളജ് ഗ്രൗണ്ടിൽ അൽഫോൻസ് ജോസഫും സ്റ്റീഫൻ ദേവസിയും നേതൃത്വം നൽകുന്ന ക്രിസ്ത്യൻ സംഗീതപരിപാടിയും.
ഡിസംബർ 24 വരെ നീളുന്ന വിപുലമായ ആത്മീയ, സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
*പ്രധാന പരിപാടികൾ:*
- *Nov 23, 2.30 PM:* അമലോദ്ഭവ മാതാ പള്ളിയുടെ കൂദാശ - മാർ തോമസ് തറയിൽ
- *Nov 24, 4.15 PM:* വിശുദ്ധ കുർബാന, 6 PM: സാംസ്കാരിക സമ്മേളനം
- *Nov 25, 4.30 PM:* മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിൽ കുർബാന, 6 PM: നിത്യാരാധന ചാപ്പൽ വെഞ്ചരിപ്പ് - മാർ ജോർജ് കോച്ചേരി, തുടർന്ന് 'അമ്മയോടൊപ്പം' സ്റ്റേജ് ഷോ
- *Nov 26-27:* വിശുദ്ധ കുർബാന, വചനപ്രഘോഷണം
- *Dec 24, 2.30 PM:* ഭൂഗർഭ കപ്പേളയുടെ കൂദാശ - കർദിനാൾ മാർ ജോർജ് കൂവക്കാട്ട്
കൂദാശ മഹോത്സവത്തോടനുബന്ധിച്ച് പാറേൽ പള്ളിയും അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും ഡിസംബർ 13 വരെ ഉത്സവമേഖലയായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക ഗതാഗത, പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
*ജീവകാരുണ്യവും ഒപ്പം*
ദേവാലയ നിർമാണത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇടവക പ്രാധാന്യം നൽകി. ഭവനരഹിതർക്കായി 11 വീടുകളുടെ നിർമാണം ഇടവകയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. അതിരൂപതയുടെ സഹായത്തോടെ സ്ഥലം അനുവദിച്ച 23 വീടുകളുടെ നിർമാണവും നടക്കുന്നു.
നൂറ്റാണ്ടിലേറെ പഴക്കമുള്ള വിശ്വാസപാരമ്പര്യവും പുതിയ ദേവാലയത്തിന്റെ വാസ്തുഭംഗിയും ബസിലിക്ക പദവിയുടെ ആത്മീയ പ്രാധാന്യവും ഒത്തുചേരുന്നതോടെ പാറേൽ മർത്ത്മറിയം തീർഥാടനകേന്ദ്രം കേരളത്തിലെ പ്രധാന ക്രൈസ്തവ തീർഥാടനകേന്ദ്രങ്ങളിലൊന്നായി കൂടുതൽ ശ്രദ്ധേയമാകുകയാണ്.
