കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം - ധ്വനി 2026 നവംബർ 3, 4, 5, 6 തീയതികളിലായി മുണ്ടക്കയത്ത് നടക്കും.
മുണ്ടക്കയം സെന്റ് ജോസഫ്സ് ഹൈസ്കൂൾ, സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ, ബി.ബി.എം ഐ.ടി.ഐ, സി.എം.എസ് ഹൈസ്കൂൾ, സി.എം.എസ് എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് കലോത്സവത്തിന് വേദിയൊരുങ്ങുന്നത്.
നാലു ദിവസങ്ങളിലായി പതിനഞ്ച് വേദികളിൽ അരങ്ങേറുന്ന മത്സരങ്ങളിൽ ഉപജില്ലയിലെ നൂറ്റിപ്പതിനഞ്ച് സ്കൂളുകളിൽ നിന്നായി 5300 മത്സരാർത്ഥികൾ പങ്കെടുക്കും.
നവംബർ 03 ചൊവ്വാഴ്ച രാവിലെ 9.30ന് മുണ്ടക്കയം സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്കൂൾ മാനേജർ റവ. ഫാദർ ഡെന്നീസ് കണ്ണമാലിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ ബേബി ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ എസ്. സുൽഫിക്കർ കലോത്സവ വിശദീകരണവും ഉപഹാര സമർപ്പണവും നടത്തും.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ ഷമീർ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ജീരാജ്, വാർഡ് മെമ്പർ ബെന്നി നെയ്യൂർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
നവംബർ 6ന് വൈകിട്ട് നാലു മണിക്ക് ചേരുന്ന സമാപന സമ്മേളനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവ ചരിത്രത്തിൽ ആദ്യമായി കലോത്സവത്തിലെ മുഴുവൻ മത്സരാർത്ഥികൾക്കും സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് ഭക്ഷണ കമ്മിറ്റി കൺവീനർ ടോമി കളത്തൂർ അറിയിച്ചു.
മുണ്ടക്കയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ എ.ഇ.ഒ എസ്. സുൽഫിക്കർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടിനോ വർഗീസ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ ബൈജു വർഗീസ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അഭിലാഷ് എസ് തുടങ്ങിയവർ പങ്കെടുത്തു.
