കുമളി : ഡിണ്ടുക്കല്‍- തേനി റെയില്‍പാത കുമളി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ സമര സമിതിയുടെ നേതൃത്വത്തില്‍ തേനിയില്‍ ഉപവാസ സമരം നടത്തി.
സമരസമിതി ചെയർമാൻ ശങ്കർ നാരായണൻ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയ്ക്കപ്പുറമുള്ള തേനിയില്‍ നിന്ന് ട്രെയിൻ കുമളി ലോവർ ക്യാമ്ബ് വരെ എത്തിയാല്‍ അതിർത്തി ജില്ലയായ ഇടുക്കിയുടെ വികസന സാദ്ധ്യത വർദ്ധിക്കും. തേനിയില്‍ നിന്ന് റോഡ് മാർഗ്ഗം 62 കിലോമീറ്റർ ദൂരമാണ് കുമളിയിലേക്ക്. ഒരു മണിക്കൂർ 20 മിനിറ്റ് കൊണ്ട് വാഹനങ്ങളില്‍ യാത്ര ചെയ്ത് എത്താം.
റെയില്‍പാത നീട്ടിയാല്‍ നമ്മുടെ മലഞ്ചരക്ക് ഉത്പന്നങ്ങള്‍ ഏലവും കുരുമുളകും തേയിലയും ഗുഡ്സ് ട്രെയനില്‍ തമിഴ്നാട്ടില്‍ എത്തിക്കാനാകും. വ്യാപാരമേഖല സജീവമാകുന്നതോടെ ജില്ലയുടെ വാണിജ്യമേഖലയ്ക്ക് ഉണർവുണ്ടാക്കും. വർഷാവർഷം തമിഴ്നാട്ടില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്കും ഇത് ആശ്വാസമേകും. കുമളി- വണ്ടിപ്പെരിയാർ- സത്രം വഴിയും പുല്ലുമേട് വഴിയും എളുപ്പത്തില്‍ ശബരിമലയില്‍ എത്തി ചേരാനാകും.
കുറഞ്ഞ ചെലവില്‍ അയ്യപ്പനെ കണ്ട് മടങ്ങാമെന്നതും തീർത്ഥാടകർക്ക് വലിയ ഉപകാരമാകും. തമിഴനാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം. രാമേശ്വരം, പളനി മുരുക ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂർ പള്ളി തുടങ്ങിയ ദേവാലയങ്ങളില്‍ ദർശനം നടത്തുന്നവർക്ക് കുറഞ്ഞ ചെലവിലെത്തി ദർശനം നടത്തി മടങ്ങാനാകും. ട്രെയിൻ എത്തുന്നതോടെ ടൂറിസം മേഖലയിലും വൻ കുതിപ്പുണ്ടാകും.
തേക്കടി, വാഗമണ്‍, പരുന്തൻപാറ, പാഞ്ചാലിമേട്, മൂന്നാർ മേഖലകളിലേക്ക് സഞ്ചാരികളുടെ പ്രവാഹം ഉണ്ടാകും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തേക്കടി ടൂറിസം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷിബു എം. തോമസ്, മജോ കാര്യമുട്ടം, എ. മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് തുടർ സമരത്തിന്റെ ഭാഗമായി ജൂലായ് അവസാനവാരം കുമളിയില്‍ ജനപ്രതിനിധികളെയും വിവിധ സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും കോഡിനേഷൻ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.